തലശ്ശേരി: തലശ്ശേരിയിലെ ഫസലിനെ കൊന്നത് തങ്ങള്‍ തന്നെയാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി പുറത്തുവന്നതോടെ നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കാരായി രാജന്റെ മകള്‍ രംഗത്ത്. തന്റെ അച്ഛനെ സ്വതന്ത്രമാക്കണമെന്ന് മേഘ കാരായി തന്റെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. കാരായി സഖാക്കളെ സ്വതന്ത്രരാക്കണമെന്നും മേഘ ആവശ്യപ്പെട്ടു.

ഫസൽ വധത്തിൽ സിപിഐഎം പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനെയും കേസിൽ പ്രതിചേർത്തിരുന്നു. ഇവരെല്ലാം ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ പ്രവേശിക്കാൻ കഴിയാതെ മറ്റ് ജില്ലകളിലാണ് താമസിക്കുന്നത്.

ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയത് താൻ അടങ്ങുന്ന നാലം ഗ സംഘമാണ് എന്ന ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴിയാണ് ഇപ്പോൾ പുറത്ത് വന്നത്. ആർഎസ്എസിന്റെ കൊടി തോരണങ്ങൾ നശിപ്പിച്ചതിന്റെ പ്രതികാരമായിട്ടാണ് ഫസലിനെ കൊന്നത് എന്നാണ് സുബീഷ് വെളിപ്പെടുത്തിയിരിക്കുന്നത്. സുബീഷിന്റെ മൊഴിയുടെ പകർപ്പ് ഇന്ന് കൊച്ചിയിലെ സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ മോഹൻ വധക്കേസിൽ അറസ്റ്റിലായ സുബീഷ് ഇപ്പോൾ വിചാരണ തടവുകാരനാണ്.

സൂബീഷ് മൊഴി നൽകുന്നതിന്റെ വീഡിയോ പുറത്ത് വന്നത് ആര്‍എസ്എസിന്റെ നിഷേധിക്കാനാവാത്ത പങ്കാണ് തെളിയിക്കുന്നത്. ഷിനോയ്, പ്രഭീഷ്, പ്രമീഷ് എന്നിവരായിരുന്നു തനിക്ക് ഒപ്പം ഉണ്ടായിരുന്നത് എന്നും, ഈ സംഘമാണ് കൊലനടത്തിയത് എന്നും സുബീഷ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ആർഎസ്എസ് നേതാവ് തിലകൻ എന്ന വ്യക്തിയെ കണ്ടിരുന്നു എന്നും ഇയാളാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ ഒളിപ്പിച്ചതെന്നും സുബീഷ്​ വെളിപ്പെടുത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.