അരനൂറ്റാണ്ടിലേറെയായി, കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങളിൽ ശക്തമായി കലഹിച്ച് കൊണ്ട് പ്രൊഫ എം.കെ പ്രസാദ് ഇവിടെയുണ്ട്. നിരന്തരം ഭാവി ജീവിതം ദുസ്സഹമാക്കുന്ന നിർമ്മിതികളെ തുറന്നെതിർത്ത് അദ്ദേഹം സമൂഹത്തോട് സ്വന്തം ചുറ്റുപാടിനെ കുറിച്ച് ജാഗരൂകാരാകാൻ ആവശ്യപ്പെടുന്നു. മാറിയ സാഹചര്യത്തിൽ കേരളത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നിലവിലെ അവസ്ഥയിൽ നിലപാടുകൾ വ്യക്തമാക്കുകയാണ് അദ്ദേഹം. നിയമത്തിന്റെ വേലിക്കെട്ടുകൾ സാധാരണക്കാരന് മാത്രം വിലങ്ങുതടിയാകുന്ന സമകാലിക കേരള സാഹചര്യത്തെ വിലയിരുത്തുകയാണ് പ്രൊഫ. എം.കെ. പ്രസാദ്.
തീരദേശ പരിസ്ഥിതിയുടെ ഇന്നത്തെ ശേഷിയെ കുറിച്ച്?
സാധാരണക്കാരന് കഴിവില്ലാത്തതിനാൽ എന്തും പറഞ്ഞ് പറ്റിക്കാമെന്ന സ്ഥിതിയാണ് കേരളത്തിൽ. തീരദേശ പരിപാലന നിയമം ഉൾപ്പടെയുള്ളവ വൻകിടക്കാരന് ഭീഷണിയല്ല. സാധാരണക്കാരൻ ചെറിയ വീട് കെട്ടാൻ പോകുന്പോൾ നിയമം ഉയർത്തിക്കാട്ടി ഉദ്യോഗസ്ഥർ ഇത് തടയും. ഇന്നത്തെ നിലയിൽ കേരളത്തിലെ തീരദേശ പരിസ്ഥിതിയുടെ ശേഷിയെ കുറിച്ച് പുതിയ റിപ്പോർട്ട് വേണം. പരിസ്ഥിതിക്ക് കൂടുതൽ ആഘാതമേൽപ്പിക്കുന്ന വലിയ കെട്ടിടങ്ങൾ ഇനി നിർമ്മിക്കരുത്. ഇത് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ചെയ്ത് പോയവ ചെയ്തു. ചെറിയ ചെറിയ നിർമ്മാണങ്ങളെ തടയുകയും വലിയവയ്ക്ക് അനുമതി നൽകുകയും ചെയ്യുന്ന രീതി മാറണം.
ഇതോടൊപ്പം മറ്റ് കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതി തേടുന്പോൾ നിർമ്മാണത്തിന്റെ പരിസ്ഥിതി ആഘാതം എന്താകുമെന്ന് പഠിക്കാൻ പ്രത്യേക സമിതിയുണ്ടാകണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഉൾക്കൊള്ളിച്ചാവണം ഇത്. അവർ നിർദ്ദേശിക്കുന്നത് അനുസരിച്ച് മാത്രമേ കെട്ടിടങ്ങൾക്ക് നിർമ്മാണാനുമതി നൽകാവൂ. പരിസ്ഥിതി സംരക്ഷണ രംഗത്ത് ആത്മാർത്ഥമായി ഇടപെടുന്നവരെയാകണം സമിതി അംഗങ്ങളാക്കുന്നത്. ഇതിനാവശ്യമായ ചിലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം.
ഓൾഡ് റയിൽവേ സ്റ്റേഷനിൽ തീവണ്ടി വേണ്ട
“എന്തിനാണ് അവിടേക്ക് തീവണ്ടി വരുന്നത്?ആര് യാത്ര ചെയ്യാനാണ്? ഓൾഡ് റയിൽവേ സ്റ്റേഷന്റെ ചരിത്രപ്രാധാന്യം വ്യക്തമാക്കാനാണെങ്കിൽ അവിടെയുള്ള കാട് വെട്ടിത്തെളിച്ച് അവിടെ ആളുകൾക്ക് വന്നു കാണാനുള്ള ഇടമായി മാറ്റണം. അല്ലാതെ അതിനെയൊരു റയിൽവേ സ്റ്റേഷനാക്കി മാറ്റുന്നത്കൊണ്ട് ആർക്കെന്താണ് ലാഭം. ഹൈക്കോടതിയിലേക്ക് റോഡ് മാർഗ്ഗം സുഗമമായി എത്താവുന്ന വഴിയുണ്ട്. ആരും ഈ വഴി തിരഞ്ഞെടുക്കാൻ പോകുന്നില്ല. ഒരു റയിൽവേ സ്റ്റേഷൻ തുറക്കും മുൻപ് ആരൊക്കെ അവിടെ വരും എത്ര പേർ വരും എന്നെല്ലാമുള്ള കാര്യങ്ങൾ അറിയണം. ഇതൊന്നുമില്ലാതെയാണ് ഇന്ന് അവിടെ റയിൽവേ സ്റ്റേഷനുള്ള നീക്കങ്ങൾ നടക്കുന്നത്. ” അദ്ദേഹം പറഞ്ഞു.
മുൻപ് കൊച്ചി രാജാവിന്റെ ശ്രമഫലമായിട്ടാണ് ഷൊർണ്ണൂരിൽ നിന്ന് റയിൽവേ ലൈൻ കൊച്ചിയിലേക്ക് നീട്ടിയത്. ഇക്കാലത്ത് വില്ലിംഗ്ടൺ ഐലന്റിലേക്ക് റയിൽ ഇല്ലായിരുന്നു. ദക്ഷിണ റയിൽവേ അവസാനിച്ചത് ഇവിടെ. ഈ ചരിത്രപ്രാധാന്യമാണ് ഓൾഡ് റയിൽവേ സ്റ്റേഷന്.
ചിലവന്നൂരിലെ ഫ്ലാറ്റ് കെട്ടിടം ‘പ്രേതാലയ’ മായി കിടക്കണം
ചിലവന്നൂരിലെ ഫ്ലാറ്റ് കെട്ടിടവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ പിഴയിലേക്ക് കാര്യമായി ശ്രദ്ധിക്കേണ്ടതില്ല. ഇനിയാ കെട്ടിടം പൊളിച്ചുനീക്കിയാൽ പരിസ്ഥിതിക്ക് അത് കൂടുതൽ ആഘാതം സൃഷ്ടിക്കും. ആ കോൺക്രീറ്റ് മാലിന്യം എവിടെയാണ് കൊണ്ടുപോയി നിക്ഷേപിക്കുക? എന്നാൽ ഇവിടെ മനുഷ്യവാസം പാടില്ല. ആ കെട്ടിടം ജാലകങ്ങളും വാതിലുകളും കെട്ടിയടച്ച് അതേപടി നിലനിർത്തണം. ഒരു പരിസ്ഥിതിക്കെതിരായ ക്രൂരതയുടെ ചരിത്രസ്മാരകമായി അത് നിലനിൽക്കണം. അതിന്റെ അകത്തേയ്ക്ക് ആരെയും പ്രവേശിപ്പിക്കരുത്. അത്തരമൊരു കെട്ടിടം എറണാകുളത്തിനും ആലപ്പുഴയ്ക്കുമിടയിലെ ദേശീയപാതയോരത്തും കാണാം. പ്രേതമായിട്ട്. അതവിടെ നിൽക്കും. വാതിലുകളും ജനാലകളും അടച്ചില്ലെങ്കിൽ സാമൂഹ്യവിരുദ്ധരും ലഹരിമരുന്ന് വിൽക്കുന്നവരും അതിനെ ഉപയോഗിക്കും.
പരിസ്ഥിതിയോട് ആഭfമുഖ്യം പുലത്തുന്നവരുടെ എണ്ണത്തിലെ കുറവ്
അത് പല കാര്യങ്ങളിലും അങ്ങിനെയാണ്. മദ്യനിരോധനം എടുത്തുനോക്കൂ. എത്ര പേരുണ്ട് മദ്യം വേണ്ടെന്ന് പറയുന്നവർ? ഈ മേഖലയിൽ പ്രചാരണങ്ങൾക്ക് ഇറങ്ങുന്നവർ വളരെ കുറവ്. ആളുകളുടെ വലിയ തോതിലുള്ള പിന്തുണയൊന്നും ഇതിൽ പ്രധാനമല്ല. പുതിയതായി ഓരോ രംഗത്തും പ്രതിഭകളുടെ കുറവാണ്. പുതിയ കാലത്ത് പാഠപുസ്തകത്തിൽ പഠിച്ച കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പിലാക്കണമെന്ന് ആരും പറയില്ല, ശ്രമിക്കുകയുമില്ല. അത് പൊതുവിജ്ഞാനത്തിന്റെ ഭാഗമായി വരേണ്ടതാണ്. 1964 ൽ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിൽ കാടിന്റെ ആവശ്യങ്ങളും ഗുണങ്ങളും വ്യക്തമാക്കുന്ന പാഠഭാഗമുണ്ടായിരുന്നു. അതിന്റെ അവസാനഭാഗത്ത് കാട് വെട്ടി കൃഷിയാവശ്യത്തിന് ഉപയോഗിക്കാവുന്നതാണെന്ന് എഴുതിച്ചേർത്തു. അതോടെ ആ പാഠഭാഗത്തിന്റെ സാധുത തന്നെ ഇല്ലാതായി.
അദ്ധ്യാപകർക്ക് പരിസ്ഥിതി ക്രാഷ് കോഴ്സ് വേണം
കോളേജ് ലക്ചറർ ആയി നിയമിതനാകുന്ന ഒരാൾക്ക് യാതൊരു പരിശീലനവും വേണ്ടതില്ല. എങ്ങിനെയാണ് പഠിപ്പിക്കേണ്ടതെന്ന് പോലും അറിയാതെ നേരിട്ട് അദ്ധ്യാപകരാവുകയാണ്. സ്കൂളുകളിൽ ഭേദപ്പെട്ട സ്ഥിതിയാണെങ്കിലും പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം വളരെ കുറവാണ്. മുൻപ് അദ്ധ്യാപകരായി നിയമിക്കപ്പെടുന്നവർക്ക് തിരുവനന്തപുരത്ത് ഒരാഴ്ച കാലം പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ക്രാഷ് കോഴ്സ് നൽകുമായിരുന്നു. ഇപ്പോഴതില്ല. അത് തിരികെ കൊണ്ടുവരണം. അദ്ധ്യാപകർക്കാണ് ആദ്യം ഇക്കാര്യത്തിൽ ബോധ്യമുണ്ടാകേണ്ടത്. കുട്ടികൾ അതിന് ശേഷം പഠിച്ചോളും. ഏത് വിഷയത്തിലായാലും പാഠപുസ്തകങ്ങളിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ പരിശോധിക്കുന്നതിന് ഒരു സമിതിയുണ്ടാകുന്നതും നല്ലതാണ്.
പരിസ്ഥിതി സമരങ്ങളിലെ സർക്കാരുകളുടെ ശത്രുതാ പരമായ നിലപാട്
അതിലിപ്പോ മുഖ്യമന്ത്രിക്ക് ഈ ഓരോ കാര്യത്തിലും ഇടപെടാനാവുമോ. ഇല്ലല്ലോ. അത്തരം കാര്യങ്ങൾ അറിയിക്കുന്നത്. ഒരു സമരവും പെട്ടെന്ന് ഉണ്ടാകുന്നതല്ല. മുൻകൂട്ടി അറിയിച്ച ശേഷം മാത്രമേ സമരങ്ങൾ നടക്കാറുള്ളൂ. അതത് വകുപ്പ് തലവന്മാരെ ഇക്കാര്യങ്ങൾ അിയിക്കാറുണ്ട്. അവർ ആദ്യമേ തന്നെ നിലപാടെടുത്താൽ പ്രശ്നങ്ങൾ കഴിവതും കുറയ്ക്കാം. എന്നാൽ എല്ലാ സമരവും സർക്കാരിനെതിരായി ചിത്രീകരിക്കപ്പെടുന്നതോടെ സമരക്കാർ ശത്രുക്കളാവുകയാണ്. ഇത് ഉദ്യോഗസ്ഥരുടെ പരിസ്ഥിതി അവബോധം തന്നെ ഉയർത്തേണ്ടതുണ്ട്.