കൊച്ചി: മഹാപ്രളയത്തിൽ നിന്ന് പതിയെ കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് തിരിച്ചടിയായി സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു. ഇന്നലെ മാത്രം മരിച്ച പത്ത് പേർക്ക് എലിപ്പനി ബാധയുളളതായി സംശയിക്കുന്നു. എന്നാൽ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് (3), മലപ്പുറം (2), പാലക്കാട് (2), തൃശ്ശൂർ (1), എറണാകുളം (2) ജില്ലകളിലാണ് ഞായറാഴ്ച എലിപ്പനി ബാധ സംശയിക്കുന്ന മരണങ്ങളുണ്ടായത്.

കോഴിക്കോട് വില്യാപ്പള്ളി കുട്ടോത്ത് ഓലയാട്ട് താഴകുനിയിൽ ഒ.ടി.കെ. ഉജേഷ് (38) ആണ് ഇന്നലെ മരിച്ചവരിൽ എലിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കണ്ണാടിക്കൽ സ്വദേശി സുമേഷ്, കല്ലായിയിലെ രവി, മലപ്പുറത്ത് ചമ്രവട്ടം സ്വദേശി ശ്രീദേവി, കാഞ്ഞിരമുക്ക് സ്വദേശി ആദിത്യൻ, പാലക്കാട് പാലപ്പുറത്ത് ബാലകൃഷ്ണൻ, മുണ്ടൂരിലെ നിർമ്മല, തൃശ്ശൂർ കൊടകര സ്വദേശി സിനേഷ്, എറണാകുളത്ത് പെരുമ്പാവൂർ സ്വദേശി കുമാരി, തമിഴ്‌നാട്ടുകാരനായ രാജ എന്നിവരാണ് മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി അതീവജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ വരെ അഞ്ച് ജില്ലകളിൽ (കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ) മാത്രമായിരുന്നു മുന്നറിയിപ്പ്. ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ്, വയറിളക്കം, ചിക്കൻപോക്‌സ് എന്നിവയും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ എച്ച്1എൻ1 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിൽ ഒരാൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രളയകാലത്ത് ജലവുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടവർ നിർബന്ധമായും പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ കഴിച്ചിരിക്കണം. ആഴ്ചയിൽ രണ്ടെണ്ണം വീതമാണ് ഇവ കഴിക്കേണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook