തിരുവനന്തപുരം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാലു പേര് കൂടി മരിച്ചു. ഈ വർഷം ആദ്യത്തെ മരണം കാസർഗോഡ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, സംസ്ഥാനത്തൊട്ടാകെ 68 പേർക്ക് പുതുതായി എലിപ്പനി ബാധ സ്ഥിരീകരിച്ചു. 94 പേരാണ് രോഗ ലക്ഷണങ്ങളോടെ ഇന്ന് മാത്രം ചികിത്സ തേടിയത്. 13 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 33 പേരും ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
കാസർഗോഡ് ജില്ലയിലും എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവാണ് ശനിയാഴ്ച വൈകിട്ടോടെ മരണപ്പെട്ടത്. കുമ്പള ബന്തിയോട് ധര്‍മത്തടുക്കയിലെ അബ്ദുല്‍ അസീസ് (35) ആണ് മരിച്ചത്. ഏതാനും ദിവസമായി ഇയാള്‍ എലിപ്പനി ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് കാസർഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി.ദിനേശ്കുമാര്‍ പറഞ്ഞു.
ഈ വർഷം ഇതാദ്യമായാണ് കാസർഗോഡ് ജില്ലയിൽ എലിപ്പനി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നേരത്തെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ രണ്ടു പേര് മരിച്ചിരുന്നു. 18 പേര് എലിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. ഇതുകൂടാതെ 35 പേര് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. എന്നാൽ ഇന്ന് രാവിലെയാണ് അബ്ദുൽ അസീസിന് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.