പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. കോഴിക്കൂട്ടിലെ ഇരുമ്പ് വലയില്‍ കൈകുരുങ്ങിയ പുലി ഏറെ നേരം ഈ നിലയില്‍ തുടര്‍ന്നതിനെത്തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം കണ്ടെത്താന്‍ മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും.
ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ കുടുങ്ങിയ പുലി അഞ്ചുമണിക്കൂറിനുശേഷമാണ് ചത്തത്. ഇരുമ്പ് വല മുറിച്ചുമാറ്റി പുലിയെ പുറത്തെടുത്തു. പുലിയുടെ വലയില്‍ കുടുങ്ങിയ കൈയ്ക്ക് കാര്യമായ പരിക്ക് പറ്റിയിട്ടുണ്ട്. പുലിയെ പുറത്തെത്തിച്ച് വനംവകുപ്പ് മറ്റ് നടപടികളിലേക്ക് കടന്നു.മണ്ണാര്‍ക്കാട് മേക്കളപ്പാറയിലാണ് കോട്ടേപ്പാടം കുന്തിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീട്ടില്‍ പുലിയ കണ്ടത്.
കോഴിക്കൂട്ടിലെ വലയില്‍ കൈകുരുങ്ങിയ നിലയിലായിരുന്നു പുലി. പുലിയെ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു നീക്കം. ഇതിനായി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ സ്ഥലത്ത് എത്തിയ ശേഷം മയക്കുവെടിവയ്ക്കാനാണ് തീരുമാനിച്ചിരുന്നത്