നീലഗിരി: വനമേഖലകളില്‍ വളരെ അപൂര്‍വമായി മാത്രം കാണുന്ന കരിമ്പുലിയുടെ ചിത്രം നേരിട്ടു പകര്‍ത്തുകയെന്നത് ഫോട്ടോഗ്രാഫര്‍മാരുടെ എക്കാലത്തെയും വലിയ സ്വപ്നമാണ്. എന്നാല്‍ തമിഴ്നാട്ടിലെ ഊട്ടിക്കടുത്തുള്ള കോത്തഗിരി സ്വദേശിയായ ചന്ദ്രശേഖറെന്ന യുവ ഫോട്ടോഗ്രാഫര്‍ക്കാണ് ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കരിമ്പുലിയുടെയും ഇണയുടെയും നേരിട്ടുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ അവസരം ലഭിച്ചത്.
കരിമ്പുലിയും ഇണയായ പുള്ളിപ്പുലിയും പാറപ്പുറത്തു വിശ്രമിച്ചപ്പോള്‍ ഫോട്ടോഗ്രാഫറുടെ ദിവസങ്ങളുടെ കാത്തിരിപ്പിന് വിരാമം. അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാര്‍ കാലങ്ങളോളം പരിശ്രമിച്ചു നിരാശപ്പെടുന്ന സാഹചര്യത്തിലാണ് നീലഗിരി വനമേഖലയിലെ കോത്തഗിരി ഭാഗത്തു നിന്ന് കരിമ്പുലിയുടെയും ഇണയുടെയും ചിത്രം ചന്ദ്രശേഖര്‍ എന്ന ഫോട്ടോഗ്രാഫര്‍ക്കു ലഭിച്ചത്.

സാധാരണയായി കരിമ്പുലികള കാണുന്നത് വനമേഖലകളില്‍ തന്നെ വളരെ അപൂര്‍വമാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. വനംവകുപ്പ് സര്‍വേയുടെ ഭാഗമായി സ്ഥാപിക്കുന്ന ക്യാമറകളില്‍ ഇവയുടെ ചിത്രം പതിയാറുണ്ടെങ്കിലും എണ്ണത്തില്‍ കുറവായതിനാല്‍ നേരിട്ടുകാണുന്നത് വളരെ അപൂര്‍വമായി മാത്രമാണെന്ന് ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു.
പുള്ളിപ്പുലികളില്‍ നിന്നും കരിമ്പുലികളില്‍ നിന്നുമാണ് കരിമ്പുലികള്‍ ജനിക്കുന്നതെന്നും സൂക്ഷിച്ചു നോക്കിയാല്‍ കരിമ്പുലികളുടെ ശരീരത്തിലും പുള്ളിപ്പുലികളുടേതു പോലുള്ള ചെറിയ പുള്ളിക്കുത്തുകള്‍ കാണാനാവുമെന്നും വനംവകുപ്പ് അധികൃതര്‍. കോത്തഗിരിയിലെ ഒരു പാറപ്പുറത്തു വിശ്രമിക്കുന്ന നിലയിലാണ് കരിമ്പുലിയെയും ഇണയായ പുള്ളിപ്പുലിയെയും കണ്ടെത്തിയത്.