പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശനിയാഴ്ച രാത്രി പുലിയിറങ്ങി. രാത്രി 9 മണി കഴിഞ്ഞാണ് പ്രദേശത്ത് പുലി ഇറങ്ങിയത്. കാട്ടുപന്നികളെ പിടികൂടാനാണ് പുലി എത്തിയത്. പന്നികളുടെ കരച്ചില്‍ കേട്ട ദേവസ്വം ഗാര്‍ഡുകളാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. മാളികപ്പുറം പടിക്കെട്ടിന് താഴെ ആയിരുന്നു പുലി എത്തിയത്.

ദേവസ്വം ഗാർഡുകൾ മേൽപ്പാലത്തിലൂടെ നോക്കുമ്പോൾ കാട്ടുപന്നിയെ പുലി ആക്രമിക്കുന്നത് കണ്ടതായാണ് വിവരം. ഉടന്‍ തന്നെ ദേവസ്വം ഗാര്‍ഡുകള്‍ വിവരം വനപാലകരെ അറിയിച്ചു. എന്നാല്‍ രാത്രി വനപാലകര്‍ക്ക് നടപടിയൊന്നും എടുക്കാനായില്ല. ഏറെ വൈകിയത് കാരണം ദേവസ്വം ഗാര്‍ഡുകളും പടിക്കെട്ടിന് താഴേക്ക് പോയില്ല.

തുടര്‍ന്ന് രാവിലെ നോക്കിയപ്പോഴാണ് ചെവി മുതൽ വയറു വരെയുള്ള ഭാഗം കീറി അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തിയത്. പിന്നീട് ഇതിനെ പാണ്ടിത്താവളത്തിലെ ഇൻസിനറേറ്ററിന്റെ അടുത്തേക്കു മാറ്റി. ശബരിമലക്ക് ചുറ്റും പണ്ട് കാലം മുതൽ പുലികൾ ഉള്ളതാണ്‌. മുൻ കാലത്ത് ദർശനത്തിനായി എത്തിയ ആളുകളെ വരെ പുലി പിടിച്ചിരുന്നതായി പറയുന്നു.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ രംഗത്തെത്തിയവരില്‍ ചിലര്‍ പുലിയെ കൂട്ടുപിടിച്ച് നേരത്തേ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ശബരിമലയിലെത്തുന്ന സ്ത്രീകളെ ‘പുലി പിടിക്കും’ എന്നായിരുന്നു ഇവരുടെ പക്ഷം. ശബരിമലയില്‍ പുലി ഇറങ്ങിയതോടെ ഇതും അയ്യപ്പന്റെ ചെയ്തികളാണെന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ