വാൽപ്പാറ: തമിഴ്നാട്-കേരള അതിർത്തിയായ വാൽപ്പാറയിൽ സ്ത്രീയെ പുലി കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയായ കൈലാസവതിയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. ലയത്തിനു മുന്നിൽ തുണി അലക്കുകയായിരുന്നു കൈലാസവതി. ഇതിനിടയിൽ പുലി ചാടി വീണ് ആക്രമിക്കുകയായിരുന്നു. കൈലാസവതിയെയും വലിച്ചുകൊണ്ട് പുലി കാട്ടിലേക്ക് മറഞ്ഞു.
ഏറെ നേരമായിട്ടും കൈലാസവതിയെ കാണാതായപ്പോൾ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചിറങ്ങി. അലക്ക് കല്ലിനടുത്തെ ചോരതുളളികൾ പിന്തുടർന്ന് കാട്ടിലേക്ക് പോവുകയും രാത്രി ഒരു മണിയോടെ കൈലാസവതിയെ കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ 33 ദിവസത്തിനിടെ അഞ്ചാം തവണയാണ് പുലിയുടെ ആക്രമണം ഉണ്ടാവുന്നത്. പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിൽസയിലാണ്. പുലിയെ പിടികൂടാൻ വനം വകുപ്പ് അധികൃതർ നടപടി എടുക്കില്ലെന്ന് ആരോപിച്ച് ജനങ്ങൾ പ്രതിഷേധത്തിലാണ്.