തൃശൂർ: മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ പതിമൂന്ന് വയസുകാരനു പരുക്ക്. മുഖത്തും കാലിനും മുറിവേറ്റ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടം തൊഴിലാളി വേലുച്ചാമിയുടെ മകനും എട്ടാം ക്ലാസ് വിദ്യാർഥിയുമായ ദിവിൻ കുമാറിനെയാണു ടാറ്റ എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലാണ്.

രാവിലെ മുറ്റത്ത് നില്‍ക്കുന്നതിനിടെയാണ് പുലിയുടെ വരവ്. കണ്ണടച്ചു തുറക്കും വേഗത്തില്‍ പുലി പാഞ്ഞെത്തുകയായിരുന്നു. ഓടാൻ സമയം കിട്ടിയില്ല, ആദ്യം പുലി മുഖത്തും പിന്നെ, കാലിലും മാന്തി. മകന്റെ നിലവിളി കേട്ടെത്തിയ അമ്മയും പുലിയെ കണ്ടു. ഈ സമയം, കുട്ടിയുടെ തൊട്ടടുത്തുണ്ടായിരുന്ന പൂവന്‍ കോഴിയെ കണ്ട പുലി കുട്ടിയെ ഉപേക്ഷിച്ച് കോഴിയുമായി ഓടിമറിഞ്ഞു. കോഴിയെ കണ്ടില്ലായിരുന്നെങ്കില്‍ എട്ടാം ക്ലാസുകാരന്റെ ജീവന്‍ അപകടത്തിലായേനെ.

തുടര്‍ച്ചയായി പത്താം ദിവസമാണ് ഇവിടെ പുലിയുടെ ആക്രമണമുണ്ടാകുന്നത്. വളര്‍ത്തുമൃഗങ്ങളെയാണ് പ്രധാനമായും പുലി പിടിക്കുന്നത്. തീർത്തും ഭീതിയിലാണ് ഈ പ്രദേശം. നേരം ഇരുട്ടിയാല്‍ പിന്നെ ഇവിടെ ആളുകള്‍ പുറത്തിറങ്ങാറില്ല. അതുപോലെ, നേരം വെളുത്ത് വെയിലുദിച്ചാല്‍ മാത്രമേ പുറത്തിറങ്ങൂ. ഏതുസമയത്തും പുലി വരാമെന്ന അവസ്ഥയിലാണ് ഇവർ ജീവിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ