തിരുവനന്തപുരം: കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചുവളർന്ന വ്യക്തിയാണ് താനെന്നും തന്റെ വിദൂര സ്വപ്നങ്ങളിൽപ്പോലും ജാതി ചിന്തയില്ലെന്നും ലക്ഷ്മി നായർ. എന്റെ ഡോക്ടറൽ തീസിസ് പോലും മതേതരത്വത്തെ കുറിച്ചായിരുന്നു. അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഗവേണിങ് ബോർഡിലും എല്ലാ മതക്കാരുമുണ്ട്. എനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ, തെറ്റായ വാർത്തകൾ നൽകിയ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ, ചാനലിൽ കേറിയിരുന്ന് വ്യക്തിഹത്യ നടത്തിയവരെ എല്ലാത്തിനെയും ഞാൻ കോടതി കയറ്റും. അതിനുള്ള തെളിവുകൾ എന്റെ പക്കലുണ്ടെന്നും മാധ്യമം ആഴ്ചപ്പതിപ്പിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി നായർ പറഞ്ഞു.

ഞാൻ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നതിന് എന്ത് തെളിവാണ് അവർക്ക് ഹാജരാക്കാനുള്ളത്. അതൊക്കെ ആരോപണങ്ങളാണ്. സത്യമല്ല. എനിക്ക് വേണമെങ്കിലും ഇത്തരം ആരോപണം ഈ സമരം ചെയ്ത പല വിദ്യാർഥികൾക്കെതിരെയും ഉന്നയിക്കാം. ആരോപണം തെളിയിക്കാനുള്ള കരുത്ത് അവർക്ക് വേണം. ഞാൻ അവരോട് കാണിക്കുന്ന ആഴത്തിലുള്ള കരുതലിനെയാണ് അവർ പീഡനമായി ചിത്രീകരിക്കുന്നത്. വീട്ടുകാർ നൽകുന്ന സ്വാതന്ത്ര്യം എത്രയാണോ അത്രയും ഞാനും നൽകുന്നുണ്ട്. അവർക്ക് അത് വേണ്ടെങ്കിൽ എനിക്കും വേണ്ടെന്നും ലക്ഷ്മി നായർ അഭിമുഖത്തിൽ പറയുന്നു.

Read More: തന്നെയും ഭാവി മരുമകളെയും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നു: ലക്ഷ്‌മി നായർ

എന്നെ പുറത്താക്കണമെന്ന് പറയാൻ സർക്കാരിന് അവകാശമില്ല. എനിക്ക് ശന്പളം തരുന്നത് സർക്കാരല്ല. ഞാൻ സർക്കാർ ജീവനക്കാരിയല്ല. ലോ അക്കാദമിയെ തളർത്തുന്നതിനും ഇല്ലാതാക്കുന്നതിനും ചില ക്ഷുദ്ര ശക്തികൾ ശ്രമിക്കുന്നത് പുതിയ സംഭവമൊന്നുമല്ല. അക്കാദമിയുടെ തുടക്കം മുതൽ ഇത്തരം നുണപ്രചാരണങ്ങളും വ്യക്തിഹത്യകളും നടക്കാറുണ്ട്. കാലാകാലങ്ങളിൽ അതിനുപിന്നിൽ ചരടുവലിക്കുന്നവർക്ക് അവരുടേതായ അജണ്ട ഉണ്ട്. അതിന്റെയൊന്നും പിന്നാലെ പരതി നടക്കുക ഞങ്ങളുടെ രീതിയല്ലെന്നും ലക്ഷ്മി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.