തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങിയത്. സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. വേർതിരിവില്ലാത്ത സമൂഹമായി കേരളത്തിന് നിലനിൽക്കാൻ കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ടു പോകുന്നതെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
ആരോഗ്യ മേഖലയിൽ ഉണ്ടായത് വൻ നേട്ടങ്ങളെന്ന് ഗവർണർ പറഞ്ഞു. കേരളം പ്രസവ, ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ്. ആർദ്രം മിഷൻ അടിസ്ഥാന ചികിത്സാ മേഖലയിൽ പുരോഗതി ഉണ്ടാക്കി. സർക്കാർ ആശുപത്രികളിൽ ചികിത്സ മികച്ചതും ചെലവു കുറഞ്ഞതുമായെന്ന് അദ്ദേഹം പറഞ്ഞു. സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ഡിപിആര്‍ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സില്‍വര്‍ലൈന്‍ വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗവും ഗവര്‍ണര്‍ വായിച്ചു. കടപരിധി നിയന്ത്രിക്കുന്ന കേന്ദ്രനയത്തെ വിമർശിച്ചു. ഒബിസി സ്കൂൾ സ്കോളർഷിപ്പ് നിർത്തിയ കേന്ദ്ര നടപടിയെയും വിമർശിച്ചു.
പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണിത്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. മാർച്ച് 30 വരെയാണ് സഭ സമ്മേളിക്കുക. റിപ്പബ്ലിക് ദിനം മുതൽ 31 വരെ ഇടവേളയാണ്. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച നടക്കും. ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിന്മേലുള്ള പൊതുചർച്ചയാണ് നടക്കുക. നിയമസഭാ കലണ്ടറിലെ ദൈര്‍ഘ്യമേറിയ സമ്മേളനമാണ് ഇത്.
പൊലീസ്- ഗുണ്ടാ ബന്ധം, സാമ്പത്തിക കെടുകാര്യസ്ഥത, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയ വിഷയങ്ങൾ സഭയിൽ സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യസുരക്ഷ, ബഫർ സോണ്‍ പ്രതിസന്ധി എന്നിവയ്ക്ക് ഈ സഭാ കാലയളവിൽ ഊന്നൽ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.