തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി ദേശീയ തലത്തിൽ വലിയ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നിയമ നിര്‍മാണങ്ങൾക്കായി മാത്രമായി വിളിച്ച് ചേർത്ത സഭാ സമ്മേളനമാണ് ഇന്ന് ആരംഭിക്കാൻ ഇരിക്കുന്നത്. രാഷ്‌ട്രീയ കൊലപാതകം, എം.വിന്‍സെന്റിന്റെ അറസ്റ്റ്, ജി.എസ്.ടി, സ്വാശ്രയ പ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ സഭാ ചർച്ചകൾ ചൂടു പിടിപ്പിക്കും.

ഒരു നിയമസഭാംഗം ജയിലില്‍ കിടക്കുമ്പോള്‍ ചേരുന്ന സമ്മേളനം, എന്നതാണ് പതിന്നാലാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യം നല്‍കുന്ന വിഷയങ്ങളിലൊന്ന്. വിന്‍സെന്റിന്റെ അറസ്റ്റിനെതിരായ കോണ്‍ഗ്രസ് രോഷം സഭാ തലത്തില്‍ പ്രകടമാകും. ഇതിനിടെ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.

സമ്മേളനം ചേരുന്നത് നിയമ നിര്‍മാണത്തിന് മാത്രമായെങ്കിലും ബില്ലുകളുടെ ചര്‍ച്ചയിലും രാഷ്‌ട്രീയം മുഴച്ചു നില്‍ക്കും. ജി.എസ്.ടി ബില്‍ വരുമ്പോള്‍ ഓര്‍ഡിനന്‍സിലൂടെ ജി.എസ്.ടി നടപ്പാക്കിയതിന്റെ അനിഷ്‌ടം പ്രതിപക്ഷം പ്രകടിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ