കൊച്ചി: അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ശവസംസ്കാരം കൊച്ചിയില്‍ നടന്നു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പൊതുദര്‍ശനത്തിനായി രാവിലെ ടൗണ്‍ ഹാളില്‍ എത്തിച്ചു. 11 വരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തിൽ സിനിമ- സാംസ്കാരിക മേഖലകളിലെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
തുടര്‍ന്ന് ചാവറ കൾച്ചറൽ സെന്ററിലും മരടിലെ വീട്ടിലെയും പൊതുദർശനത്തിന് വച്ച ശേഷം മൂന്ന് മണിയോടെ കൊച്ചി ഇളംകുളത്തെ സെന്റ് മേരീസ് സുനഹോ സിംഹാസന പള്ളിയിൽ സംസ്കാരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. 71 വയസായിരുന്നു. ശ്വാസതടസവും മറ്റു അനുബന്ധ രോഗങ്ങളുമായി കഴിഞ്ഞ രണ്ടു മാസത്തോളമായി ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു അദ്ദേഹം.
1980 മുതൽ മാലയാള സിനിമാ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത പല ചിത്രങ്ങളും ജോൺ പോളിന്റെ തിരക്കഥയിൽ പിറന്നതായിരുന്നു. മലയാളത്തിലെ പ്രഗൽഭരായ നിരവധി സംവിധായകരോടൊപ്പം പ്രവർത്തിച്ച അദ്ദേഹം നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’ എന്ന സിനിമയുടെ നിർമാതാവായിരുന്നു. കമലിന്റെ ‘പ്രണയമീനുകളുടെ കടൽ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവും ഒടുവിൽ തിരക്കഥ ഒരുക്കിയത്. ഒരു കടങ്കഥ പോലെ, പാളങ്ങൾ, യാത്ര, രചന, വിടപറയും മുമ്പേ, ആലോലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, അതിരാത്രം, വെള്ളത്തൂവൽ, സ്വപ്നങ്ങളിലെ ഹേഷൽ മേരി, കാതോട് കാതോരം, സന്ധ്യമയങ്ങും നേരം, അവിടെത്തെ പോലെ ഇവിടെയും, ഉത്സവപ്പിറ്റേന്ന് ആരോരുമറിയാതെ തുടങ്ങിയ ചിത്രങ്ങൾ എല്ലാം അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നതാണ്.
1950 ഒക്ടോബർ 29ന് സ്കൂൾ അധ്യാപകനായ പി.വി. പൗലോസിൻെറയും റബേക്കയുടെയും മകനായി എറണാകുളത്തായിരുന്നു ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Also Read: വിട പറയുന്നത് കഥപറച്ചിലിന്റെ മാസ്റ്റർ