കൊച്ചി: സ്വവര്‍ഗാനുരാഗം  കുറ്റകൃത്യമല്ലെന്ന സുപ്രീം കോടതി വിധിയെ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഇന്ത്യ സ്വാഗതം ചെയ്തത്. നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ നേടിയെടുത്ത ഈ വിധിയില്‍ ഏറെ സന്തോഷിക്കുന്നത് സ്വവര്‍ഗാനുരാഗികളായ ജനസമൂഹം തന്നെയാണ്. കേരളത്തിലെ വിവിധ ജില്ലകളിലും ഇന്നലെ ആഘോഷമായിരുന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം ആടിയും പാടിയും മധുരം വിതരണം ചെയ്തും എല്‍ജിബിടി ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാഭിമാനവും സ്വാതന്ത്ര്യവും ആഘോഷിച്ചു.

കേരളത്തിലെ എല്‍ജിബിടിക്യൂ+ സമൂഹത്തിന് എല്ലാ പിന്തുണയുമായി എക്കാലവും നിലനിന്നിട്ടുള്ള സംഘടനയാണ് ക്വിയറള. ക്വിയറള ബോര്‍ഡ് അംഗവും മലയാളി ബൈസെക്ഷ്വല്‍ വനിതയുമായ രാജശ്രീ ഈ വിധിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം ചില ആശങ്കകളും പങ്കുവയ്ക്കുന്നുണ്ട്.

Read More: സ്വവർഗ പ്രണയം: ഇനി വേണ്ടത് സാംസ്കാരിക മാറ്റങ്ങൾ

‘തീര്‍ച്ചയായും സുപ്രീം കോടതി വിധിയില്‍ വളരെയധികം സന്തോഷമുണ്ട്. അതേസമയം സാമൂഹിക മാറ്റങ്ങള്‍ ഇല്ലാതെ നിയമം മാത്രം മാറിയതുകൊണ്ട് കാര്യമില്ലെന്നും എനിക്കറിയാം. എല്ലാവരും പുതിയ വിധിയെ ആഘോഷിക്കുമ്പോള്‍ ഞാന്‍ കൊല്ലത്തുള്ള എന്റെ ഒരു സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. അവര്‍ ഒരു ലെസ്ബിയനാണ്. അവരുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്തുള്ള വീട്ടില്‍ അവരെ പൂട്ടിയിട്ടിരിക്കുകയാണ്. നിയമത്തിലെ മാറ്റം മാത്രം മതിയാകുമോ രക്ഷിതാക്കളെ ഇതേക്കുറിച്ച് ബോധ്യപ്പെടുത്താന്‍ എന്നെനിക്കറിയില്ല,’ രാജശ്രീ ദ്  ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടു പറഞ്ഞു.

‘അതേസമയം താരതമ്യേന പ്രിവിലേജ്ഡ് ആയ പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന എന്റെ പല സുഹൃത്തുക്കളും തങ്ങളുടെ സെക്ഷ്വാലിറ്റി വെളിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ടു വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഞാന്‍ കണ്ടു. പുതിയ വിധി അവരെ തങ്ങളുടെ സ്വത്വം വെളിപ്പെടുത്താനും ആത്മവിശ്വാസത്തോടെ ലോകത്തിനു മുന്നിലേക്കു വരാനുമുള്ള ധൈര്യം നല്‍കിയിട്ടുണ്ട്.’

യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ലെങ്കിലും, സ്വവര്‍ഗാനുരാഗികളായതിന്റെ പേരില്‍ അനുഭവിക്കുന്ന മാറ്റിനിര്‍ത്തപ്പെടലും മാനസിക സംഘര്‍ഷങ്ങളും മൂലം ദിവസേന കേരളത്തില്‍ നിരവധി ആത്മഹത്യകള്‍ നടക്കുന്നുണ്ടെന്നാണ് എല്‍ജിബിടി ആക്ടിവിസ്റ്റുകള്‍ പറയുന്നത്. പുതിയ വിധിയിലൂടെ ഇതിനൊരു മാറ്റം വരുമെന്നു പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ആളുകള്‍ മാറ്റിനിര്‍ത്തുന്നതിന്റെ പേരില്‍ സ്വയം ജീവനൊടുക്കിയ ഒരുപാട് സുഹൃത്തുക്കളെ ഞാൻ ഈ നിമിഷം ഓര്‍ക്കുന്നു. അന്നും ഇന്നും ഈ ലോകത്തിന് അവരുടെ മരണത്തിന്റെ കാരണം ‘അറിയാത്ത’ ഒന്നായിരുന്നു. അതിനര്‍ത്ഥം അവര്‍ ഹൃദയശൂന്യര്‍ ആയിരുന്നെന്നോ വെറുതേ ആത്മഹത്യ ചെയ്തുവെന്നോ അല്ല,’ രാജശ്രീ പറയുന്നു.

‘അവര്‍ക്കൊരു കാരണമുണ്ടായിരുന്നു. ഇപ്പോള്‍ ആ കാരണത്തെ നിയമം തിരിച്ചറിഞ്ഞിരിക്കുന്നു, ഇനി സമൂഹം കൂടി തിരിച്ചറിയണം. അല്ലെങ്കില്‍ വിലമതിക്കാനാകാത്ത നിരവധി ജീവനുകള്‍ നമുക്കിനിയും നഷ്ടമാകും,’ രാജശ്രീ കൂട്ടിച്ചേര്‍ത്തു.

അടുത്തഘട്ടത്തില്‍ ജുഡീഷ്യറി എല്‍ജിബിടിക്യു സമൂഹത്തിന്റെ വിവാഹം, ദത്തെടുക്കല്‍ എന്നീ നിയമങ്ങളിലേക്കു കൂടി ശ്രദ്ധ ചെലുത്തണമെന്നും കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കുന്നതിന് മുന്‍തൂക്കം നല്‍കണമെന്നും രാജശ്രീ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.