തിരുവനന്തപുരം : ആര്‍എസ്എസ് ദാര്‍ശനികനും ജനസംഘം നേതാവുമായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാന്‍ പൊതുവിദ്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ വിദ്യാഭ്യാസവകുപ്പിന്‍റെ ഉത്തരവ് ഇടതു സര്‍ക്കാരിനെ കുഴക്കിയിരിക്കുകയാണ്. 2017 ഓഗസ്റ്റ്‌ 31നു എഴുതിയ ഉത്തരവിലാണ് ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്‍റെ സ്ഥാപകനേതാവിന്‍റെ  ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് മാനവ വിഭവശേഷി വകുപ്പ് സംസ്ഥാന വിദ്യാഭ്യാസവകുപ്പിനു കത്തെഴുതുന്നത്.

എങ്ങനെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വക്താവും ഹിന്ദുത്വ ദാര്‍ശനികനുമായ ദീന്‍ദയാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയോ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിയാവുകയോ ഒരു ജനപ്രതിനിധിയാവാന്‍ പോലും സാധിക്കാത്തയോരാളുടെ ജന്മദിനം രാജ്യവ്യാപകമായി ആഘോഷിക്കുന്നതിന്റെ മെറിറ്റും ചോദ്യംചെയ്യപ്പെടുന്നു. ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തിലും പ്രത്യയശാസ്ത്ര രൂപീകരണത്തിലും വ്യാപൃതനായ ദീന്‍ ദയാല്‍ ഉപാധ്യായ രാഷ്ട്രധര്‍മ, പാഞ്ചജന്യം, സ്വദേശ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പുകാരനുമായിരുന്നു. പലഘട്ടങ്ങളിലായി രാഷ്ട്രതാത്പര്യങ്ങള്‍ക്കെതിരെയെന്നു ആരോപിച്ചുകൊണ്ട് റദ്ദുചെയ്യപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്ത സിദ്ധീകരണങ്ങളാണ് ഇത് മിക്കതും.

കഴിഞ്ഞ ദിവസമാണ് സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കുട്ടികള്‍ക്കിടയില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത കൊയിലാണ്ടിയിലെ സ്കൂളദ്ധ്യാപകനെതിരെ വിദ്യാഭ്യാസവകുപ്പ് അന്വേഷണം ആവശ്യപ്പെട്ടത്. ചരിത്രത്തെ വളച്ചൊടിച്ചുവെന്നാന്നാരോപിച്ചിട്ടുള്ള പുസ്തകം ദീന്‍ ദയാല്‍ ഉപാധ്യായയുടെ മുഖചിത്രവുമായാണ് പുറത്തിറക്കിയത്. പാക്കിസ്ഥാനേയും ഇന്ത്യയുടെ ഭാഗമാക്കികൊണ്ടുള്ള ‘അഖന്ധഭാരതം’ എന്ന ഭൂപടത്തോടു കൂടി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം തകര്‍ക്കപ്പെട്ടതായും  മുഗള്‍ചക്രവര്‍ത്തി ഔറംഗസീബ്‌ മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തതായും പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.  ഈ പുസ്തകത്തിനെതിരെ അന്വേഷണത്തിനു ഉത്തരവിട്ടതിന്‍റെ തൊട്ടടുത്ത ദിവസമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഇങ്ങനെയൊരു ഉത്തരവ് വരുന്നത്.

യുപി, ഹൈസ്കൂള്‍ തലങ്ങളില്‍ ആഘോഷങ്ങള്‍ നടത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. ദീന്‍ ദയാലിന്‍റെ ജിവിതം ആസ്പദമാക്കി വിവിധ കലാപരിപാടികള്‍ നടത്തണം എന്നും നിര്‍ദ്ദേശമുണ്ട്.

ദീന്‍ ദയാലിന്റെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്കൂളിലെ പ്രധാനാദ്ധ്യാപകര്‍ എന്നിവര്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.

സ്കൂളുകളില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ ദീന്‍ ദയാല്‍ കൌശല്യയോജന, ദീന്‍ ദയാല്‍ ഗ്രാമ ജ്യോതിയോജന, ദീന്‍ ദയാല്‍ അന്തോദയ യോജന എന്നിവയെകുറിച്ച് പ്രബന്ധന രചനകളും. ദീന്‍ ദയാലിനെ കുറിച്ചുള്ള കവിതാ രചനയും. ദേശീയ നേതാക്കളെ അനുകരിച്ചുള്ള പ്രച്ഛന്നവേഷ മത്സരങ്ങളും നടത്തണം എന്നും കേന്ദ്ര മാനവശേഷി വിഭവ മന്ത്രാലയത്തിന്‍റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

സംഘപരിവാര്‍ ആശയത്തെ സ്കൂളുകളില്‍ വിപണനം ചെയ്യുന്നതാണ്  മാനവ വിഭവശേഷി വകുപ്പിന്‍റെ ഈ ഉത്തരവ് എന്നും ഈ തീരുമാനം പുനപരിശോധിക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ