തിരുവനന്തപുരം: അപകടങ്ങളിൽപ്പെട്ട് ആശുപത്രിയിൽ എത്തുന്നവർക്ക് ആശ്വാസകരമായ തീരുമാനവുമായി പിണറായി വിജയൻ സർക്കാർ. ചികിത്സയ്ക്ക് അടിയന്തരമായി പണമില്ലാത്തവർക്ക് ആശ്വസകരമാകുന്ന ഒരു തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. റോഡ അപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നൽകാനാണ് സർക്കാർ തീരുമാനം. ഇത് സര്‍ക്കാര്‍ അശുപത്രികളില്‍ നടപ്പിലാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുളള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍നിന്നു സര്‍ക്കാര്‍ വഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നിര്‍ദേശം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല, സ്വകാര്യ ആശുപത്രികളില്‍ക്കൂടിയും നടപ്പാക്കണമെന്നാണ് തീരുമാനം. ആദ്യ 48 മണിക്കൂറിലെ ചികില്‍സാ ചെലവു സര്‍ക്കാരാണു വഹിക്കുക. തമിഴ്‌നാട് സ്വദേശിയായ മുരുകന്റെ മരണത്തെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സാമ്പത്തികശേഷി നോക്കി ചികില്‍സ നിശ്ചയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രി വരെയും പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളെയും ഈ നിര്‍ദേശത്തിന്റെ പരിധിയില്‍പ്പെടുത്തും. ചെലവഴിക്കുന്ന തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നും മറ്റും ഈടാക്കാനാണു സര്‍ക്കാരിന്റെ തീരുമാനം.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ‘ട്രോമ കെയര്‍’ സജ്ജീകരണമുണ്ടാക്കാനാണ് സർക്കാർ ഉദേശിക്കുന്നത്. അപകടത്തില്‍പ്പെടുന്നവരെ പെട്ടെന്നുതന്നെ വിദഗ്ധ ചികിത്സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിനു പ്രത്യേക ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. ആംബുലന്‍സില്‍ ആധുനിക സജ്ജീകരണങ്ങളുണ്ടായിരിക്കുമെന്നും സർക്കാർ അറിയിച്ചു.

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും ആശുപത്രി തെരഞ്ഞെടുക്കുന്നതിനും പ്രത്യേക സോഫ്റ്റ്‌വേര്‍ ഉണ്ടാക്കും. ഒരു കേന്ദ്രീകൃത കോള്‍ സെന്‍ററില്‍ ഇതെല്ലാം സോഫ്റ്റ്‌വേര്‍ സഹായത്തോടെ നിയന്ത്രിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ