തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളേയും പുരുഷന്മാരേയും പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ എ.അച്യുതന്‍. കടുവകളുടെ കേന്ദ്രമായ പ്രദേശം കടുവകള്‍ക്ക് തന്നെ വിട്ട് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വെളളപ്പൊക്കത്തിന് ശേഷമുളള കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ അദ്ദേഹം കൂടി പങ്കെടുത്ത് നടത്തിയ സർവ്വേയിലെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചു. ‘ശബരിമലയില്‍ ഇനിയും വികസനം വന്നാല്‍ അത് പ്രദേശത്തെ ഒന്നാകെ നശിപ്പിച്ച് കളയുമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വോട്ട് നേടാന്‍ വേണ്ടി എന്തിനേയും വികസനം എന്ന് വിളിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കാതെയുളള എന്ത് പുനര്‍നിര്‍മ്മാണവും അടിസ്ഥാനരഹിതമാണ്,’ അച്യുതന്‍ പറഞ്ഞു.

പ്രളയത്തിന് ശേഷം റോഡുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച നടക്കുന്നതെന്നും പരിസ്ഥിതിയെ പുനര്‍നിര്‍മ്മിക്കുന്നതിനെ കുറിച്ച് വിരളമായി മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘സംസ്ഥാനത്തെ പുനര്‍ നിര്‍മ്മിക്കാന്‍ മണ്ണ് വേണം. പക്ഷെ നല്ല മണ്ണ് ലഭിക്കണമെങ്കില്‍ നമ്മള്‍ പരിസ്ഥിതിയെ ആദ്യം പുനര്‍നിര്‍മ്മിക്കണം. ഹരിതവത്കരണവും വനവത്കരണവും ആണ് നല്ല മണ്ണ് ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടത്. പുതുതായി വനമുണ്ടാക്കുക എന്നതല്ല, ഉളള വനം നന്നായി സംരക്ഷിക്കുകയാണ് വേണ്ടത്. അതിനെ അതിന്റെ വഴിക്ക് വിട്ടാല്‍ വനം വ്യാപിക്കും. അപ്പോഴാണ് നമുക്ക് കൂടുതല്‍ മഴയും, പുഴകളില്‍ കൂടുതല്‍ വെളളവും ലഭിക്കുകയുളളൂ. കൂടാതെ മണ്ണിനടിയിലെ വെളളവും കൂടും. മണ്ണിനടിയിലെ വെളളം നിധിയാണ്,’ അച്യുതന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.