ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നേതാക്കള്‍ പാര്‍ട്ടവിടുന്നതിനിടെയുണ്ടായ തൃക്കാക്കരയിലെ ഗംഭീരവിജയം കോണ്‍ഗ്രസിനു നല്‍കുന്നതു വലിയ ആശ്വാസം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടിപടലം തകര്‍ന്നതോടെ, അവശേഷിക്കുന്ന തുരുത്തുകളിലൊന്നായ കേരളത്തില്‍ പോലും കോണ്‍ഗ്രസിന്റെ ഭാവിയെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണു ഉപതിരഞ്ഞെടുപ്പ് വിജയം.
സംസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടനാ സംവിധാനം തകര്‍ന്നിട്ടില്ലെന്നതും ഗ്രൂപ്പുകള്‍ക്കതീതമായി അത് ഒറ്റെക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നതും തൃക്കാക്കരയിലെ വിജയത്തിനു മാറ്റുകൂട്ടുന്നു. പാർട്ടിയിലെ പരമ്പരാഗത രീതിയ്ക്ക് അന്ത്യം കുറിച്ച് കെ പി സി സി അധ്യക്ഷ പദവിയിലെത്തിയ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവായി മാറിയ വി ഡി സതീശന്റെയും നേതൃത്വപാടവം ഉരച്ചുനോക്കുന്ന പ്രധാനപ്പെട്ട ആദ്യ അവസരം കൂടിയായിരുന്നു തൃക്കാക്കര തിരഞ്ഞെടുപ്പ്. ആ ഉത്തരവാദിത്തം ഇരുവരും ഭംഗിയായി നിറവേറ്റിയെന്നാണ് ഉപതിരഞ്ഞെുപ്പ് ഫലം വ്യക്തമാക്കുന്നത്
തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായി അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് എന്ന ഒറ്റപ്പേരല്ലാതെ കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ടായിരുന്നില്ല. ഇതു പാര്‍ട്ടി ഒറ്റക്കെട്ടാണെന്നുളള പ്രതീതി പാര്‍ട്ടിയിലും പുറത്തും ആദ്യഘട്ടത്തില്‍ തന്നെ സൃഷ്ടിക്കാനും പ്രചാരണരംഗത്ത് ആത്മവിശ്വാസമുണ്ടാക്കാനും അല്‍പ്പമൊന്നുമല്ല കോണ്‍ഗ്രസിനു സഹായകരമായത്.
തുടര്‍ഭരണത്തിലും വികസനത്തിലും ഊന്നല്‍ നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും എഴുപതോളം എം എല്‍ എമാരുടെയും പട തൃക്കാരയില്‍ തമ്പടിച്ചാണ് എല്‍ ഡി എഫ് പ്രചാരണം നയിച്ചത്. കുടുംബയോഗങ്ങളില്‍ പോലും മന്ത്രിമാരും എം എല്‍ എമാരും സജീവസാന്നിധ്യമായി. ഇതിന്റെ മറുഭാഗത്ത് മണ്ഡലത്തില്‍ തങ്ങിക്കൊണ്ട് പ്രചാരണം മികച്ചരീതിയില്‍ മുന്നില്‍നിന്നു നയിക്കാന്‍ വി ഡി സതീശനും കെ സുധാകരനുമായി.
Also Read: Thrikkakara Byelection Result Live updates: കര പിടിച്ച് ഉമ; യുഡിഎഫിന് ചരിത്ര ജയം
കേരളത്തിലെ പുതിയ നേതൃത്വത്തിന്റെ മികവിനെ ശരിവയ്ക്കുന്നതാണു തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കോണ്‍ഗ്രസ് ദേശീയത്തിന്റെ പ്രതികരണം. കേരളത്തില്‍ കോണ്‍ഗ്രസ് ശക്തമാണെന്നതിന്റെ തെളിവാണ് ഉമ തോമസിന്റെ വിജയമെന്നും വരും തിരഞ്ഞെടുപ്പുകളിലും ഇത് ആവര്‍ത്തിക്കുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നതാണു തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിനുശേഷം വരുത്തിയ മാറ്റങ്ങള്‍ പാര്‍ട്ടിക്കു ഗുണം ചെയ്തു. കെ വി തോമസ് അടഞ്ഞ അധ്യായമാണ്. ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം. ഉപതിരഞ്ഞെടുപ്പ് ഫലം എപ്പോഴും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശമാണു കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് ഉയര്‍ത്തിയിരിക്കുന്നത്. ‘മുണ്ട് മോദിയുടെ ധാര്‍ഷ്ട്യത്തിനും അദ്ദേഹത്തിന്റെ ഓമന പദ്ധതിയായ കെ റെയിലിനുമെതിരെ തൃക്കാക്കരയിലെ ജനങ്ങള്‍ ശബ്ദമുയര്‍ത്തിയിരിക്കുകയാണ്’ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Also Read: അവിശ്വസനീയം, അപ്രതീക്ഷിതം; തോൽവി സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി
”മുണ്ടു മോദിയുടെ ധാര്‍ഷ്ട്യത്തിനും കേരളത്തിലുടനീളമുള്ള ലക്ഷക്കണക്കിന് ആളുകളുടെ എതിര്‍പ്പിനിടയാക്കിയ അദ്ദേഹത്തിന്റെ ഓമന പദ്ധതിയായ കെ-റെയിലിനുമെതിരെ തൃക്കാക്കരയിലെ ജനം ശബ്ദമുയര്‍ത്തി. പി ടി തോമസിന്റെ ജീവിതത്തിനും പ്രവര്‍ത്തനത്തിനുമുള്ള മഹത്തായ ആദരവ് കൂടിയാണ് ഈ വിധി!” ജയറാം രമേശ് കുറിച്ചു.
തൃക്കാക്കരയിലെ വിജയം കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്താനുള്ള ഊര്‍ജമായി കാണുന്നുവെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വിശ്രമമില്ലാതെ ഒരുപാട് ജോലി ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് തൃക്കാക്കരയിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും 20 മന്ത്രിമാരും 60 എം എല്‍ എമാരും ഒരു മാസം ക്യാമ്പ് ചെയ്ത് കാടിളക്കി മറിച്ചിട്ടും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചില്ല. തൃക്കാക്കര മിനി കേരളമാണെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞത്. ആ മിനി കേരളം വിധിയെഴുത്ത് നടത്തിയപ്പോള്‍ തുടര്‍ഭരണത്തിലൂടെ ഉണ്ടായ അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും രണ്ട് കൊമ്പുകളാണു തൃക്കാക്കരയിലെ ജനങ്ങള്‍ പിഴുതുമാറ്റിയത്.
ഈ തിരഞ്ഞെടുപ്പ് കെ റെയില്‍ അടക്കമുള്ള വികസന പദ്ധതികള്‍ക്കുള്ള അംഗീകരമാവുമെന്നു സര്‍ക്കാര്‍ തന്നെയാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ കേരളത്തെ വിനാശത്തിലേക്കു നയിക്കുന്ന കെ-റെയില്‍ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന ജനങ്ങളുടെ മുന്നറിയിപ്പ് കൂടിയായി തിരഞ്ഞെടുപ്പ് ഫലത്തെ കാണണമെന്നും സതീശന്‍ പറഞ്ഞു.
Also Read: തൃക്കാക്കരയിലെ 2021ലെ പൊതുതിരഞ്ഞെടുപ്പിൽ “എല്ലൊടിഞ്ഞ” സി പി എമ്മിന് 2022ലെ ഉപതിരഞ്ഞെടുപ്പിൽ “ഹൃദായാഘാതം”
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍ബലമായ ഇടതുമുന്നണിയുടെ നേതാവായിമാറിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. എല്‍ ഡി എഫ് ക്യാപ്റ്റന്‍ നിലംപരിശായി. ഇടതുസര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാണെന്നാണ് സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്‍വീനറും മന്ത്രിമാരും പറഞ്ഞുനടന്നത്. അങ്ങനെയെങ്കില്‍ ദയനീയ പരാജയത്തോടെ ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണം. അതിനു മുഖ്യമന്ത്രി തയാറാകുമോയെന്ന് അറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
സര്‍ക്കാരിനെതിരായി തൃക്കാക്കരയുടെ ജനഹിതത്തിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും വികാരമാണ് പ്രതിഫലിച്ചത്. നാടിന്റെ വികാരവും വിചാരവും ചിന്തയും രോക്ഷവും ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായി. കോടികളുടെ ധൂര്‍ത്ത് നടത്തിയിട്ടും കള്ളവോട്ട് ചെയ്തിട്ടും ജനങ്ങളെ ജാതിയമായി ഭിന്നിപ്പിക്കാന്‍ നോക്കിയിട്ടും എല്‍ഡിഎഫിനെ ജനം തോല്‍പ്പിച്ചു. വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി കള്ളവോട്ട് ചെയ്യാന്‍ കണ്ണൂരില്‍നിന്നു വരെ സിപിഎം പ്രവര്‍ത്തകരെ തൃക്കാക്കരയില്‍ എല്‍ ഡി എഫ് ഇറക്കി.മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുപക്ഷ എം എല്‍ എമാരും നേതാക്കളും ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് നയിച്ചിട്ടും ഫലം കണ്ടില്ല. ജനങ്ങളെ വര്‍ഗീയവത്കരിച്ച് രണ്ടു ചേരിയില്‍ നിര്‍ത്താനും ശ്രമിച്ചു. കേരളത്തിലെ ജനങ്ങളുടെ മതേതര ജനാധിപത്യ ബോധത്തെ പോലും സിപിഎമ്മും മന്ത്രിമാരും ചോദ്യം ചെയ്തു. അതിനെല്ലാമേറ്റ കനത്തപ്രഹരം കൂടിയാണ് ഉമ തോമസിന്റെ വിജയം.
കോണ്‍ഗ്രസിന്റെ പുതിയ മുഖവും പ്രവര്‍ത്തന ശൈലിയുമാണ് തൃക്കാക്കരയില്‍ കണ്ടത്. കേരളത്തില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന കോണ്‍ഗ്രസ് ഇതാണ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പടയോടത്തിന്റെ സൂചനകൂടിയാണ് ഈ വിജയമെന്നും സുധാകരന്‍ പറഞ്ഞു.