പാ​ല​ക്കാ​ട്:  മുസ്‌ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ പാലക്കാട് കു​ത്തേ​റ്റു മ​രി​ച്ചു. കു​ന്തി​പ്പു​ഴ സ്വ​ദേ​ശി സ​ഫീ​ർ (22) ആ​ണു മ​രി​ച്ച​ത്. ഇന്നലെ രാത്രി  മ​ണ്ണാ​ർ​ക്കാ​ട്ടെ സ​ഫീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ൽ അതിക്രമിച്ച് കയറിയ സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു.

ഇന്ന് മുസ്‌ലിം ലീഗ് പ്രവർത്തകർ മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ആക്രമണത്തിന് പിന്നിൽ സിപിഐ പ്രവർത്തകരാണെന്നാണ് ആരോപണം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. അതേസമയം, സിപിഐ പ്രവർത്തകരുമാണ് ഇവർ. സിപിഐ നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നാണ് മുസ്‌ലിം ലീഗിന്റെ ആരോപണം.

എന്നാൽ സംഭവം വ്യക്തിവൈരാഗ്യമാണെന്നും പ്രതികൾ സജീവ രാഷ്ട്രീയ പ്രവർത്തകരാണെന്നും പൊലീസ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഇന്നലെ  രാത്രി ഒൻപത് മണിയോടെയായിരുന്നു ആക്രമണം. കുത്തേറ്റ സഫീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തെ തുടർന്ന് ഇന്നലെ രാത്രി മുസ്‌ലിം ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ രാത്രി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.