പാലക്കാട്: മുസ്‌ലിം ലീഗ് പ്രവർത്തകന്റെ വധത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് നടന്ന ഹർത്താലിൽ അക്രമം നടത്തിയവരെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലംപ്രയോഗിച്ച് മോചിപ്പിച്ചു. സഫീർ കൊല്ലപ്പെട്ടതിനെ തുടർന്ന് റോഡ് ഉപരോധിക്കുകയും വാഹനങ്ങളും വീടുകളും ആക്രമിക്കുകയും ചെയ്ത സംഭവത്തെ തുടർന്നായിരുന്നു അറസ്റ്റ്.

ഇന്നലെ വൈകുന്നേരത്തോടെ ജില്ലാ മുസ്‌ലിം ലീഗ് നേതാവ് റിയാസ് നാലകത്താണ് മൂന്ന് പ്രതികളെയും മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ നിന്ന് ബലമായി വിളിച്ചിറക്കി കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സഫീർ കൊല്ലപ്പെട്ടത്.

എന്നാൽ സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് പൊലീസ് വിശദീകരണം. വ്യക്തിപരമായ വൈരാഗ്യവും അതേത്തുടർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ പിടിയിലായ അഞ്ച് പേർക്കും സിപിഐ ബന്ധമുളളതിനാൽ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപണം ഉയർന്നിരുന്നു.

കൊലപാതകത്തെ തുടർന്നാണ് ഇന്നലെ രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. പിന്നാലെ അക്രമ സംഭവങ്ങളും അരങ്ങേറിയിരുന്നു. സഫീറിന്റെ സുഹൃത്തുക്കളും യൂത്ത് ലീഗ് പ്രവർത്തകരുമാണ് പ്രധാന പാതയിലൂടെയുളള വാഹനങ്ങൾ തടഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.