കേരള കോൺഗ്രസ് എം ചെയർമാനും മുൻ ധനമന്ത്രിയുമായ കെഎം മാണിയെ എല്‍ഡിഎഫ് മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചെന്ന് സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് എം മുഖമാസിക ‘പ്രതിഛായ’. ശക്തമായ പ്രലോഭനമുണ്ടായെങ്കിലും യുഡിഎഫ് തകർക്കാൻ മാണി തയാറായില്ലെന്നും മുഖ്യമന്ത്രി പദം നിരസിച്ചതിനുള്ള സമ്മാനമായിരുന്നു ബാര്‍ കോഴ വിവാദമെന്നും പ്രതിഛായയുടെ മുഖപ്രസംഗം പറയുന്നു.

കെഎം മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ആലോചിച്ചിരുന്നെന്ന് മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായിരുന്നു ആലോചനയെന്നാണ് സുധാകരൻ വെളിപ്പെടുത്തിയത്. എൽഡിഎഫ് പറഞ്ഞതു കേട്ടിരുന്നെങ്കിൽ കെ.എം. മാണിക്കു സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു. പിന്നീട്, തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും സുധാരകൻ വിശദീകരിച്ചു. ഇതിനു പിന്നാലെയാണു മന്ത്രിയുടെ വെളിപ്പെടുത്തൽ സത്യമായിരുന്നുവെന്ന് കേരള കോൺഗ്രസ് മുഖമാസിക സ്ഥിരീകരിക്കുന്നത്.

ആര്‍ക്കും നന്മവരണമെന്നാഗ്രഹിക്കുന്ന ഒരു നല്ല മനുഷ്യനാണ് മന്ത്രി ജി.സുധാകരന്‍. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം ഉള്ളില്‍ കള്ളമില്ലാത്തതിന്റെ തെളിവാണെന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയല്‍ തുടങ്ങുന്നത്. കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. മാണിയെ വീഴ്ത്താൻ ചില കോൺഗ്രസ് നേതാക്കൾ ആഗ്രഹിച്ചുവെന്ന് കേരള കോൺഗ്രസ് മുഖപത്രം കുറ്റപ്പെടുത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.