കാസർഗോഡ്: ഇടതുമുന്നണിയും ഐക്യമുന്നണിയും ഒന്നിച്ച് കൈകോർത്ത് ബിജെപിയെ ഭരണത്തിൽ നിന്ന് നീക്കിയ കാസർഗോഡ് കാറഡുക്ക പഞ്ചായത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. ബിജെപിയെ പുറത്താക്കുന്നതിൽ കാണിച്ച അതേ ഐക്യം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിലും കാണിച്ചു.

സ്വതന്ത്ര സ്ഥാനാർത്ഥിയായ അനസൂയ റായിയെയാണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്. സിപിഎം അംഗം വിജയകുമാറാണ് അനസൂയയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച മറ്റൊരംഗം സുജല, വിജയകുമാറിന്റെ നിർദ്ദേശത്തെ പിന്താങ്ങി. ഏഴിനെതിരെ എട്ട് വോട്ടുകൾക്കാണ് അനസൂയ തിരഞ്ഞെടുക്കപ്പെട്ടത്.

എതിർ സ്ഥാനാർഥി ബിജെപിയിലെ ജി.സ്വപ്നയ്ക്കു ഏഴുവോട്ട് ലഭിച്ചു. 15 അംഗ ഭരണസമിതിയിൽ ബിജെപിക്കു ഏഴും സിപിഎമ്മിനു അഞ്ചും കോൺഗ്രസ് സ്വതന്ത്രൻ ഉൾപ്പെടെ യുഡിഎഫിനു മൂന്നും അംഗങ്ങളാണുള്ളത്.

ഇടതുമുന്നണിയും ഐക്യമുന്നണിയും ഒന്നിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെയാണ് കാസർഗോഡ് കാറഡുക്ക പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായത്. പ്രസിഡന്റ് സ്ഥാനാർത്ഥിയെ ഇടതുമുന്നണിക്കും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ ഐക്യമുന്നണിക്കും തീരുമാനിക്കാമെന്ന നിലയിലാണ് തീരുമാനം ഉണ്ടായത്.

കാറഡുക്കയിൽ കോൺഗ്രസിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ബി.കെ.വിനോദൻ നമ്പ്യാരെയാണ് വൈസ് പ്രസിഡന്റായി യുഡിഎഫ് നിശ്ചയിച്ചത്. ഇടതുമുന്നണി അംഗങ്ങൾ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യമുന്നണി സ്ഥാനാർത്ഥിയെ പിന്തുണച്ചു.

ഏറ്റവും വലിയ കക്ഷി എന്ന നിലയിൽ ബിജെപിയാണ് കഴിഞ്ഞ രണ്ടരവർഷത്തിലേറെയായി പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇവരെ അവിശ്വാസത്തിലൂടെ താഴെയിറക്കിയാണ് യുഡിഎഫ്-എൽഡിഎഫ് സഖ്യം ഭരണം പിടിച്ചെടുത്തത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി സ്ഥാനാർഥിയായി മുൻ വൈസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണയാണ് മത്സരിച്ചത്.

കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെയിലും അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടിരുന്നു. അവിടെ യുഡിഎഫ് അവതരിപ്പിച്ച പ്രമേയത്തെ ഇടതുപക്ഷം പിന്തുണക്കുകയായിരുന്നു. നിലവില്‍ മധൂര്‍, ബെള്ളൂര്‍ എന്നീ രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപി ഭരണം കൈയ്യാളുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.