തിരുവനന്തപുരം: എം.വിൻസന്റ് എംഎൽഎ യുടെ അറസ്റ്റിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരും രാജി ആവശ്യപ്പെട്ട് എത്തിയ എൽഡിഎഫ് പ്രവർത്തകരും ഇന്നലെ ഏറ്റുമുട്ടിയ സാഹചര്യത്തിൽ രണ്ട് താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്. നെയ്യാറ്റിൻ കര, കാട്ടാക്കട താലൂക്കുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്, ജില്ല കളക്ടറോട് ആവശ്യപ്പെട്ടു.

സംഭവത്തിൽ, എംഎൽഎ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ന് ഇടതുമുന്നണി എം.വിൻസന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ഇതിനെതിരെ കോൺഗ്രസ് രംഗത്ത് വന്ന സാഹചര്യത്തിലാണ് പൊലീസ് സംഘർഷം ഒഴിവാക്കാനുള്ള ശ്രമം തേടിയത്.

ഇന്നലെ വൈകിട്ട് നടന്ന മാർച്ചിൽ കോൺഗ്രസ് പ്രവർത്തകരും ഇടതുമുന്നണി പ്രവർത്തകരും തിരുവനന്തപുരം നഗരത്തിൽ നേർക്കുനേർ വന്നിരുന്നു. ഇരുവിഭാഗവും കല്ലേറ് നടത്തിയതോടെ പൊലീസ് ലാത്തിവീശി. എംഎൽഎയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് സമീപം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച് ഇരുന്ന സമരപന്തൽ പൊലീസ് അടിച്ചു തകർത്തു. പ്രവർത്തകരെ ഇവിടെ നിന്ന് അടിച്ചോടിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ