തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം സമാന സാഹചര്യമാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിലപാടുകൾക്ക് വിരുദ്ധമായി ഗവർണർ പ്രവർത്തിക്കുന്ന സാഹചര്യം കേരളത്തിനു പുറമേ തമിഴ്നാട്ടിലും ബംഗാളിലുമുണ്ട്. നിലവിലെ പ്രതിഷേധം വ്യക്തിപരമല്ല, നയങ്ങളോടാണ്. കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ആയുധമാക്കുന്നു. ഇപ്പോൾ നടക്കുന്നത് കേരത്തെ തകർക്കാനുള്ള ശ്രമമാണ്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബിജെപി നീക്കമാണ് ഗവർണർ നടപ്പാക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
ഗവർണർക്കെതിരായ എൽഡിഎഫിന്റെ ആഭിമുഖ്യത്തിലുള്ള രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ചിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി അടക്കമുള്ള ദേശീയ നേതാക്കളും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ് കെ.മാണി, മാത്യു ടി.തോമസ്, പി.സി.ചാക്കോ, വർഗീസ് ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി, പി.സി.ജോസഫ്, കെ.ബി.ഗണേഷ്‌കുമാർ, ബിനോയ് ജോസഫ് തുടങ്ങിയവരും മാർച്ചിൽ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ഇന്നത്തെ പ്രതിഷേധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. വിസിമാരെ നിയമിച്ചത് ഗവർണറാണ്. മൂന്നു പേരുടെ പട്ടിക വേണമായിരുന്നുവെങ്കിൽ ഗവർണർ അക്കാര്യം ആവശ്യപ്പെടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയാണ് പ്രതിഷേധ കൂട്ടായ്‌മ സംഘടിച്ചത്. രാജ്‌ഭവനു മുന്നിൽ ലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിൽ നടക്കുന്ന കൂട്ടായ്‌മകളിൽ പതിനായിരങ്ങൾ അണിനിരന്നു. വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരും രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മാർച്ചിൽ അണിനിരന്നു.
അതേസമയം, പ്രതിഷേധത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നായിരുന്നു പാർട്ടി തീരുമാനം. രാജ്ഭവൻ മാർച്ച് നടക്കവേ ഗവർണർ ഡൽഹിയിൽ തുടരുകയാണ്.