തിരുവനന്തപുരം: കേരളത്തിന് അവകാശപെട്ട റേഷന്‍ നിഷേധിച്ച നരേന്ദ്രമോദി സാഡിസ്റ്റാണെന്ന്  ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദന്‍.  അര്‍ഹമായ അരി വിഹിതം നല്‍കുക, റേഷന്‍ സംവിധാനം അട്ടിമറിക്കരുത്’ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് നടത്തിയ രാജ്ഭവന്‍ മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു വിഎസ്.  അവകാശപെട്ട റേഷന്‍ വിഹിതം നിഷേധിക്കുന്ന കേന്ദ്രം കേരളീയരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുകയും പാറ്റയെ ഇടുകയുമാണ്. ബിജെപിയും മോദിയും കേരളീയരുടെ കഞ്ഞികുടി മുട്ടിക്കുന്നവരാണ്. എഫ്.സി.ഐ ഗോഡൗണില്‍ ഭക്ഷ്യ ധാന്യം ചിതലരിക്കുമ്പോഴാണ് കേരളത്തിന് അരി നല്‍കില്ളെന്ന് പറയുന്നത്. ജനങ്ങളെ എങ്ങനെയും ദ്രോഹിച്ചേ മതിയാവൂ എന്ന വാശിയിലാണ് മോദിയും കൂട്ടരും. കേന്ദ്ര ബജറ്റിലടക്കം ഇത് കണ്ടതാണ്. കേരളത്തിന് അര്‍ഹമായ റേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയേ മതിയാവൂയെന്നും അദ്ദേഹം പറഞ്ഞു.

ഒരുമിച്ചുള്ള പോരാട്ടത്തിന് എല്ലാ പാര്‍ട്ടികളും തയാറാണെങ്കില്‍ എല്‍ഡിഎഫ് സഹകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറിച്ചെങ്കില്‍ എല്‍ഡിഎഫ് ഒറ്റക്ക് പോരാട്ടം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷന്‍ പ്രശ്നത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണം. കേരളത്തിലെ ആളോഹരി റേഷന്‍ വിതരണം തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിന് കൂട്ടു നില്‍ക്കുമോന്ന് ബിജെപിയും വ്യക്തമാക്കണം. 16.50 ലക്ഷം മെട്രിക് ടണ്‍ അരി ലഭിക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം. ഇതിനായി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണം. ഒരുമിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറാവണം. പാര്‍ലമെന്‍റില്‍ യുഡിഎഫ് അംഗങ്ങളും ബിജെപിയുടെ നാമനിര്‍ദ്ദേശം ചെയ്ത അംഗവും ഒന്നിച്ച് നിന്ന് പോരാടാന്‍ തയാറുണ്ടോ.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം വൈരനിര്യാതന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ജനങ്ങളെ മൂന്നോ നാലോ തട്ടായി തിരിച്ച് ആളോഹരി റേഷന്‍ സമ്പ്രദായം തകര്‍ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്രം കേരളത്തില്‍ ഭക്ഷ്യക്ഷാമവും അരിക്ക് പൊതുവിപണിയില്‍ വിലകയറാനുള്ള സാഹചര്യവും സൃഷ്ടിക്കുകയാണ്. സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതത്തില്‍ മുഖ്യമന്ത്രിയോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി പിന്നീട് നിലപാട് മാറ്റിയത് ബിജെപി, ആര്‍എസ്എസിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം ഗവര്‍ണ്ണര്‍ കേന്ദ്രത്തെ അറിയിക്കണമെന്നും കോടിയേരി പറഞ്ഞു.

നിയമസഭകളിലെയും പാര്‍ലമെന്‍റിലെയും ചര്‍ച്ചകള്‍ക്ക് ചെവികൊടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ എല്ലാം തകര്‍ക്കുമ്പോള്‍ രാഷ്ട്രീയത്തിന് അതീതമായി ഒരുമിച്ച പ്രക്ഷോഭം നടത്താന്‍ കഴിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. സംസ്ഥാനത്തിന് അര്‍ഹമായ റേഷന്‍ വിഹിതം നേടിയെടുക്കാനായി ഒരുമിച്ച് പ്രക്ഷോഭം നടത്താന്‍ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്ക് മേല്‍ ജനസമ്മര്‍ദ്ദം ഉയരണം.  ഭക്ഷ്യ പ്രശ്നത്തില്‍ കോണ്‍ഗ്രസ് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് എന്തിനാണ്. ജനങ്ങളുടെ ആവശ്യത്തിന് അനുസൃതമായി അരി നല്‍കാന്‍ കേന്ദ്രം തയാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് നേതാക്കളായ വൈക്കം വിശ്വന്‍, സി.ദിവാകരന്‍, കെ.കൃഷ്ണന്‍കുട്ടി, ഉഴവൂര്‍ വിജയന്‍, കോവൂര്‍ കുഞ്ഞുമോന്‍, അഹമ്മദ് ദേവര്‍കോവില്‍, സ്ക്കറിയ തോമസ്, ആന്‍റണി രാജു, ജി. സുഗുണന്‍, ആനാവൂര്‍ നാഗപ്പന്‍, ജി.ആര്‍.അനില്‍ തുടങ്ങിയവരും സംബന്ധിച്ചു. എംഎല്‍എമാരും തലസ്ഥാനത്തെ മറ്റു ജനപ്രതിനിധികളും രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ