തിരുവനന്തപുരം: ബന്ധു നിയമന വിവാ​ദത്തിൽ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന് മന്ത്രിസ്ഥാനം തിരികെ നൽകുന്ന കാര്യം ചർച്ച ചെയ്യാൻ ഇന്ന് ഇടതുമുന്നണി യോഗം ചേരും. സിപിഎമ്മും സിപിഐയും തമ്മിൽ ധാരണയിലെത്തിയതിനാൽ ഇടതുമുന്നണി യോഗം തീരുമാനം ഐകകണ്ഠ്യേന പാസാക്കും. നാളെയാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്.

ജയരാജന്റെ ഭാര്യ സഹോദരിയും, സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരുടെയും, ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിന്റെയും നിയമനമാണ് രാജിയിലേക്ക് നയിച്ചത്. പി.കെ.സുധീർ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എംഡിയായും, ദീപ്‌തിയെ മറ്റൊരു പൊതുമേഖല സ്ഥാപനത്തിൽ ജനറൽ മാനേജരായും നിയമിച്ചിരുന്നു.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഇദ്ദേഹത്തെ വെറുതെ വിട്ടതിനെ തുടർന്നാണ് വീണ്ടും മന്ത്രിസ്ഥാനം ലഭിക്കാനുളള സാഹചര്യം ഒരുങ്ങിയത്. എട്ട് മാസം മുൻപാണ് കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടത്. ഇ.പി.ജയരാജന് മുൻപ് കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ് നൽകാനാണ് സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചത്.

ഇതോടെ മറ്റ് മന്ത്രിമാരുടെ ചുമതലകളിൽ മാറ്റം വരുത്താനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന യോ​ഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.

ഇന്ന് രാവിലെ 11 മണിക്ക് എകെജി സെന്ററിൽ വച്ചാണ് എൽഡിഎഫ് യോഗം ചേരുന്നത്. സിപിഎം തീരുമാനം എൽഡിഎഫിൽ അവതരിപ്പിക്കും. അതോടൊപ്പം ക്യാബിനറ്റ് സെക്രട്ടറി പദവിയോടെ സിപിഐക്ക് ചീഫ് വിപ്പ് പദവി നൽകുന്ന കാര്യവും എൽഡിഎഫ് തീരുമാനിക്കും.

എൽഡിഎഫ് യോഗത്തിന് മുമ്പ് സിപിഎം -സിപിഐ ഉഭയ കക്ഷി ചർച്ച നടക്കും. മന്ത്രിയായി സ്ഥാനമേറ്റ് 142-ാം ദിവസമാണ് ബന്ധു നിയമന വിവാദത്തെത്തുടർന്ന് ജയരാജൻ പുറത്തു പോയത്. എന്നാൽ ആർക്കും കാര്യസാധ്യമോ വിലപ്പെട്ട നേട്ടമോ ലഭിക്കാത്ത സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇ.പി.ജയരാജനെ കോടതി വെറുതെ വിട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ