scorecardresearch
Latest News

ഗവര്‍ണറെ പരിഹസിച്ച് സിപിഎം; ഇരുകൂട്ടരും അറിഞ്ഞുകൊണ്ടുള്ള നാടകമെന്ന് പ്രതിപക്ഷം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ പരിഹസിച്ചും പ്രതികരിച്ചും നേതാക്കള്‍

ഗവര്‍ണറെ പരിഹസിച്ച് സിപിഎം; ഇരുകൂട്ടരും അറിഞ്ഞുകൊണ്ടുള്ള നാടകമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ പരിഹസിച്ചും പ്രതികരിച്ചും നേതാക്കള്‍. ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. ഗവര്‍ണര്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലായിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഗവര്‍ണര്‍, അങ്ങനെയുള്ള ഒരാളെപ്പറ്റി എന്ത് പറയാനാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തിയാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. ചരിത്ര കോണ്‍ഗ്രസ് അലങ്കോലമാകാന്‍ കാരണം ഗവര്‍ണറുടെ പ്രസംഗമാണെന്നും ഇപി ആരോപിച്ചു.

ഗവര്‍ണറുടെ വാക്കുകളോട് തനത് ശൈലിയിലായിരുന്നു എംഎല്‍എയായ എംഎം മണിയുടെ പ്രതികരണം. കെ കെ രാഗേഷിനും മുഖ്യമന്ത്രിയ്ക്കുമെതിരായ ഗവര്‍ണറുടെ ആരോപണങ്ങള്‍ വിഢിത്തമാണെന്ന് മണി പറഞ്ഞു. വിഢിത്തം മാത്രം പുലമ്പുന്ന പമ്പര വിഢിയായി ഗവര്‍ണര്‍ മാറിയെന്നും അദ്ദേഹം പരിഹസിച്ചു. ബുദ്ധിശൂന്യനായ ഒരാളെ ഗവര്‍ണറായി നിയമിച്ചത് മര്യാദകേടാണെന്നും മണി പറഞ്ഞു.

ഗവര്‍ണറുടേത് പരിഹാസ്യമായ പത്രസമ്മേളനമാണെന്നും അദ്ദേഹം മലര്‍ന്നുകിടന്ന് തുപ്പുകയാണെന്നുമായിരുന്നു സി പി എം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍ പറഞ്ഞത്. ഇത്രയും പരിഹാസ്യമായ ഒരു പത്രസമ്മേളനം ഉയര്‍ന്ന ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ലെന്നും ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

കണ്ണൂര്‍ വി.സി. പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഭരണാഘടവിരുദ്ധമായി മുഖ്യമന്ത്രി ഇടപെട്ടു, അതിന്റെ രേഖയുണ്ടെന്നായിരുന്നു വാദം. എന്നാല്‍ എത് രേഖയാണ് ഹാജരാക്കിയത്? വി.സി. പുനര്‍നിയമനത്തിന്റെ നിയമസാധുത സംബന്ധിച്ച് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. ആ ഉപദേശം ഗവര്‍ണര്‍ക്ക് കൈമാറി. അത് എങ്ങനെയാണ് ഭരണഘടനാവിരുദ്ധമാകുന്നതെന്നും എ.കെ ബാലന്‍ ചോദിച്ചു.

തന്നെ ആക്രമിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ കെ.കെ. രാഗേഷ് പൊലീസിനെ തടഞ്ഞു എന്ന വാദത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടേണ്ടിരുന്നു. ഗവര്‍ണര്‍ ഇന്ന് ഏത് ഫോട്ടായാണ് ഹാജരാക്കിയത്? ആ ഫോട്ടോയില്‍ രാഗേഷ് അന്തസ്സോട് കൂടിയല്ലേ വേദിയിലിരുന്നത്. പുറത്തുവന്ന സമയത്ത് മുദ്രാവാക്യം വിളിക്കുന്നവരെയാണ് രാഗേഷ് തടഞ്ഞത്. അല്ലാതെ പൊലീസിനെ തടയുന്ന ഏതെങ്കിലും ദൃശ്യം കാണിക്കാന്‍ കഴിയുമോ എന്നും എ.കെ. ബാലന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ്

ഗവര്‍ണറുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. മാനദണ്ഡങ്ങള്‍ ലംഘിട്ട് സര്‍വകലാശാല നിയമനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. പ്രസ്തുത സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളില്‍ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു.

നിയമനങ്ങളിലടക്കമുളള മുഖ്യമന്ത്രിയുടെ ഇടപെടൽ ഞെട്ടിക്കുന്നതാണെന്ന് ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്ത പ്രതികരിച്ചു. ഗവർണറുമായി ചേർന്ന് മുഖ്യമന്ത്രി രണ്ട് വർഷം നടത്തിയത് നിയമ വിരുദ്ധ പ്രവർത്തനങ്ങളാണെന്ന് ഇതോടെ വ്യക്തമായി. ഇന്ന് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഗവര്‍ണറെ സമീപിച്ചത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ നടക്കാത്ത സംഭവമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന്‍ വിമര്‍ശിച്ചു. ഗവര്‍ണറും സര്‍ക്കാരും നടത്തുന്നത് നാടകമാണ്. രണ്ട് വര്‍ഷം മുന്‍പ് നടന്ന കാര്യത്തെപ്പറ്റി ഗവര്‍ണര്‍ ഇപ്പോള്‍ പറയേണ്ട സാഹചര്യമെന്താണെന്ന് മനസിലാകുന്നില്ല, മറുപടി നല്‍കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും സതീശന്‍ പറഞ്ഞു.

കള്ളക്കളികൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് പാസാക്കിയ രണ്ട് ബില്ലുകളിലും ഒപ്പിടില്ലെന്ന് ഗവർണർ പറഞ്ഞതിനെ ചെന്നിത്തല പിന്തുണയ്ക്കുകയും ചെയ്തു. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള ഗവർണറുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ldf laughs at governors press meet udf criticizes cm vijayan