വര്‍ഗ്ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട്‌ സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളെ തുറന്നു കാണിക്കുന്നതിനായി എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മതസൗഹാര്‍ദ്ദ സദസ്സുകള്‍ സംഘടിപ്പിക്കുന്നു. ബാബറി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് സംസ്ഥാനത്ത് എൽഡിഎഫിന്റെ 140 നിയമസഭ മണ്ഡലങ്ങളിലും പരിപാടി സംഘടിപ്പിക്കാനാണ്‌ എൽഡിഎഫി തീരുമാനിച്ചിട്ടുള്ളത്‌. എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവനാണ് ഇക്കാര്യം വാർത്തകുറിപ്പിലൂടെ അറിയിച്ചത്.

വരാന്‍ പോകുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പൊതു സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌. സുപ്രീംകോടതി വിധി എന്തായാലും, അതിന്‌ കാത്തിരിക്കാതെ തര്‍ക്ക സ്ഥലത്ത്‌ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ്‌ അയോധ്യയില്‍ വിളിച്ചു ചേര്‍ത്ത ധര്‍മ്മസഭയില്‍ സംഘപരിവാര്‍ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്‌.

മുസ്‍ലീം സമുദായം തര്‍ക്ക ഭൂമിയ്‌ക്ക് വേണ്ടിയുള്ള അവകാശവാദത്തില്‍ നിന്നും പിന്മാറണമെന്നും സംഘപരിവാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌. നരേന്ദ്രമോദി മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ തന്നെ ഈ പ്രവര്‍ത്തനത്തെ പിന്തുണയ്‌ക്കുമെന്നും ഇതിന്‌ അനുകൂലമായി ഓര്‍ഡിനന്‍സ്‌ ഇറക്കുമെന്നും സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു.

അയോധ്യ വിഷയത്തില്‍ തീവ്രഹിന്ദുത്വ ശക്തികള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്ന പ്രസ്‌താവനകളാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ മതേതര സമൂഹത്തില്‍ വലിയ തോതില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില മുസ്ലീം സംഘടനകള്‍ നടത്തുന്ന പ്രസ്‌താവനകളും സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന തരത്തിലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടന വിഭാവനം ചെയ്‌തിട്ടുള്ള രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയെ സംരക്ഷിക്കുകയെന്നത്‌ എല്ലാ രാജ്യസ്‌നേഹികളുടേയും ഉത്തമ ചുമതലയാണ്‌. ഈ സാഹചര്യത്തിലാണ്
വര്‍ഗ്ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട്‌ സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളെ തുറന്നു കാണിക്കുന്നതിനായി മതസൗഹാര്‍ദ്ദ സദസ്സുകള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ