തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ദുരുദ്ദേശമില്ലെന്ന നിലപാട് മാറ്റി സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണ് എല്‍ഡിഎഫ് നിലപാടെന്നും മുന്നണി കണ്‍വീനര്‍ കൂടയായ അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് തന്നെയാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ പരിശോധിക്കുമ്പോഴാണല്ലോ അതുസംബന്ധിച്ച അഭിപ്രായങ്ങളും മാറുന്നതെന്ന്, ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട തന്റെ മുന്‍ നിലപാടിനെക്കുറിച്ച് വിജയരാഘവന്‍ പറഞ്ഞു.
തന്നെ വര്‍ഗീയ വാദിയെന്നു വിളിക്കുന്നവര്‍ക്ക് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്്. പറയുന്നതില്‍ വസ്തുതകള്‍ വേണമെന്ന് നിര്‍ബന്ധ ബുദ്ധിയില്ലാതെ വരുമ്പോള്‍ ഇങ്ങനെ പലതും പറയും. അതു കാര്യമാക്കേണ്ടതില്ല.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 27 നു നടക്കുന്ന ഭാരത് ബന്ദിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. അന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കും. കര്‍ഷകരുടെ ആവശ്യം ന്യായമാണെന്നും അതിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്. കേന്ദ്ര നയങ്ങള്‍ ജനജീവിതം ബുദ്ധിമുട്ടിലാക്കി.
ഈയൊരു സമരം കൊണ്ട് കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം തകരുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ല. തിങ്കളാഴ്ച പരീക്ഷ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റും. ഹര്‍ത്താല്‍ ദിവസങ്ങളില്‍ സാധാരണ പരീക്ഷ മാറ്റിവയ്ക്കാറുണ്ട്. കര്‍ഷകസമരം വിജയിപ്പിക്കുന്നതിനായി ഐക്യദാര്‍ഢ്യ കൂട്ടായ്മകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: തിരുവനന്തപുരം സ്വർണക്കടത്ത്: പ്രതികളുടെ കോഫെപോസ തടങ്കൽ ഹൈക്കോടതി ശരിവച്ചു