തി​രു​വ​ന​ന്ത​പു​രം: ബാർ കോഴ കേസടക്കം കെ.എം.മാണിക്കെതിരായ അഴിമതി കേസിൽ ശക്തമായ നിലപാട് സ്വീകരിച്ച സ്‌പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ കെ.പി.സതീശനെ സർക്കാർ മാറ്റി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഒപ്പുവച്ചു. വൈകിട്ട് ഇത് ഉത്തരവായി ഇറങ്ങും.

ഇ​ന്ന് ബാ​ർ കോ​ഴ​ കേസ് കോടതി പരിഗണിക്കുന്നതിനിടെ കോടതിയിൽ അഭിഭാഷകനെ ചൊല്ലി തർക്കം ഉടലെടുത്തതിന് പിന്നാലെയാണ് സതീശനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. കേസിൽ വിജിലൻസിന് വേണ്ടി കെ.പി.സതീശനാണ് ഹാജരായത്. എന്നാൽ ഇതിനെ വിജിലൻസിന്റെ നിയമോപദേഷ്‌ടാവാണ് എതിർത്തത്.

തർക്കത്തിൽ ഇടപെട്ട കോടതി സ്‌പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർക്ക് അനുകൂലമായാണ് നിലപാടെടുത്തത്. അദ്ദേഹം ഹാജരായാൽ ആകാശം ഇടിഞ്ഞുവീഴുമോയെന്ന് കോടതി ചോദിച്ചതോടെ വിജിലൻസിന്റെ നിയമോപദേഷ്‌ടാവ് പ്രതിരോധത്തിലായി. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തട്ടെയെന്ന് കോടതി ആവശ്യപ്പെട്ടു.

മുൻ എസ്എഫ്ഐ നേതാവും സിപിഎമ്മിന്റെ ശക്തനായ അനുയായിയുമായ കെ.പി.സതീശൻ ബാർ കോഴ കേസിൽ വിജിലൻസിന്റെ ഒളിച്ചുകളിയെ വിമർശിച്ച് നിലപാടെടുത്തിരുന്നു. എന്നാൽ കേസിൽ തെളിവില്ലെന്ന് കാട്ടി വിജിലൻസ് കോടതിയിൽ കെ.എം.മാണിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിന് പിന്നാലെ താൻ തന്നെ കെ.എം.മാണിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.പി.സതീശൻ നിലപാടെടുത്തതോടെയാണ് സർക്കാരിനും അനഭിമതനായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ