തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയത്തെ തള്ളി എല്‍ഡിഎഫ്. പ്രതിപക്ഷത്തിന് പലപ്പോഴും ദുരുദ്ദേശപരമായ നിലപാടുകളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് പറഞ്ഞു. പ്രതിപക്ഷം ഇപ്പോള്‍ പറയുന്നതില്‍ ചിലത് ഗവര്‍ണര്‍ക്കെതിരായ നിലപാടുകളാണ്. എന്നാല്‍, മറ്റുചിലത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകണമെന്ന താല്പര്യത്തോടെ പ്രതിപക്ഷം നടത്തുന്നുണ്ട്. പലപ്പോഴും ദുരുദ്ദേശപരമായ നിലപാടുകള്‍ പ്രതിപക്ഷമെടുക്കാറുണ്ട്. ഗവര്‍ണര്‍ക്കുള്ള മറുപടി എല്‍ഡിഎഫ് കൃത്യമായി നല്‍കിയിട്ടുണ്ടെന്നും എ.വിജയരാഘവന് പറഞ്ഞു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. ഗവർണറെ തിരികെ വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. നിയമസഭയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന പ്രവൃത്തികളാണ് ഗവർണറുടേതെന്നും അദ്ദേഹത്തെ തിരികെ വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ ശ്രീരാമകൃഷ്ണനോട് അനുമതി തേടി കത്ത് നൽകിയതായും ചെന്നിത്തല പറഞ്ഞു.
Read Also: കൊറോണ വൈറസ്: മരണം 56 ആയി, ഡിസ്നിലാൻഡ് അടച്ച് ഹോങ്കോങ്
കേരള നിയമസഭയുടെ ഭാഗമായ ഗവർണർ, പൗരത്വ ഭേദഗതി നിയമത്തിനെതിരായി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ തള്ളിയതും നിയമസഭാ നടപടികളെ അവഹേളിച്ചതും തെറ്റാണെന്ന് ചെന്നിത്തല പറഞ്ഞു. നിയമസഭാ നടപടികളെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസ് വരെ ചോദ്യം ചെയ്യുന്ന നിലപാടുകൾ സ്വീകരിക്കുന്ന ഗവർണറെ വച്ചു പൊറുപ്പിക്കാനാകില്ലെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
അതേസമയം, റിപ്പബ്ലിക് ദിന പ്രസംഗത്തിൽ കേരള സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമത്തിൽ സർക്കാരും ഗവർണറും പരസ്യമായി ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടയിലാണ് പിണറായി വിജയന്റെ നേതൃശേഷിയെ ഗവർണർ പ്രശംസിച്ചത്.
Read Also: വീണ്ടും ഗംഗയെ വിളിച്ച് നകുലൻ; ‘വരനെ ആവശ്യമുണ്ട്’ ടീസർ
കേരളത്തിന്റെ പുരോഗതിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച നേതൃത്വം നൽകുന്നുവെന്ന് ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഗവർണർ ദേശീയ പതാക ഉയർത്തി. സുസ്ഥിര വികസനത്തിലും നവീന ആശയങ്ങൾ നടപ്പാക്കുന്നതിലും കേരളം മാതൃകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം മേഖലകളിൽ കേരളത്തിന്റെ ഉന്നമനം ശ്ലാഘനീയമെന്ന് ഗവർണർ പറഞ്ഞു. ലോക കേരളസഭയെയും ഗവർണർ അഭിനന്ദിച്ചു. കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് ഗവർണർ പറഞ്ഞു.