തിരുവനന്തപുരം: സംസ്ഥാനത്തെ മാറിയ മദ്യനയം സർക്കാരിന്റെ വരുമാനത്തിലുണ്ടാക്കിയത് വലിയ വർദ്ധന. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 670 കോടിയുടെ വർദ്ധനവാണ് ബിവറേജസ് കോർപ്പറേഷന് മാത്രം ഉണ്ടായത്.
എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് കണക്ക് നിയമസഭയിൽ അവതരിപ്പിച്ചത്. 2016ൽ 10,353 കോടി രൂപയായിരുന്ന വരുമാനം, പരിഷ്‌കരിച്ച മദ്യനയം പ്രഖ്യാപിച്ചശേഷം 2017ൽ 11,024 കോടി രൂപയായി.
എന്നാൽ സംസ്ഥാനത്ത് ബിയറിന്റെ വിൽപ്പന കുത്തനെ ഇടിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 1.53 കോടി കെയ്‌സ് ബിയർ വിറ്റഴിക്കപ്പെട്ട 2016 ന് ശേഷം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബിയർ വിൽപ്പന 1.13 കോടിയായി ഇടിഞ്ഞു. ബിയർ പാർലറുകൾ വീണ്ടും ബാറുകളായി മാറ്റപ്പെട്ടതാണ് ഇതിന് കാരണം.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പുതിയതായി ലൈസൻസ് നൽകിയത് 86 ബാറുകൾക്കാണ്. 17 ബാറുകൾ അനുവദിക്കപ്പെട്ട എറണാകുളം ജില്ലയാണ് മുന്നിൽ. ഇതിലൂടെ 2724 പേർക്ക് തൊഴിൽ നൽകാൻ സാധിച്ചതായി മന്ത്രി വിശദീകരിച്ചു.
നടപ്പു സാമ്പത്തിക വർഷത്തിൽ മെയ് 30 വരെയുളള കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് 27 ബാറുകൾക്കുളള അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ലൈസൻസ് അനുവദിക്കപ്പെട്ട ബാറുകളുടെ എണ്ണം ജില്ല തിരിച്ച്-തിരുവനന്തപുരം–7, കൊല്ലം–8, പത്തനംതിട്ട–4, ആലപ്പുഴ–7, കോട്ടയം–8, ഇടുക്കി–5, എറണാകുളം–17, തൃശൂർ–9, പാലക്കാട്–6, മലപ്പുറം–2, കോഴിക്കോട്–5, വയനാട്–0, കണ്ണൂർ–7, കാസർകോട്–1.