കൊച്ചി: വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട നക്‌സലൈറ്റ് വർഗീസ് കൊടും കുറ്റവാളിയാണെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊലപാതകം, കവര്‍ച്ച എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു നക്‌സലൈറ്റ് വര്‍ഗീസ് എന്നും സർക്കാർ പറഞ്ഞു. ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും ഹൈക്കോടതിയില്‍ സർക്കാർ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും ഇതിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജ്ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പൊലീസുമായുണ്ടായ ഏറ്റുമുട്ടിലിലാണ് എ.വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും 1970കളിൽ നിരവധി കവർച്ചാ കൊലപാതക കേസുകളിൽ ഇയാൾ പ്രതിയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ബന്ധുക്കളുടെ ആവശ്യത്തിൽ നഷ്‌ടപരിഹാരം നൽകാനാവില്ലെന്നും സർക്കാർ വിശദീകരിച്ചു.

വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ 1970 ഫെബ്രുവരി 18നാണ് നക്‌സലൈറ്റ് നേതാവായിരുന്ന വര്‍ഗീസ് കൊല്ലപ്പെട്ടത്. വര്‍ഗീസിനെ പോലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു എന്ന് നേരെത്ത കോടതി കണ്ടെത്തിയിരുന്നു. വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്ന് കണ്ടെത്തിയ കോടതി അന്ന് ഐജി ആയിരുന്ന ലക്ഷ്മണയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു.

വർഗീസ് കൊല്ലപ്പെടുന്ന സമയത്ത് പൊലീസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ 1998ല്‍ നടത്തിയ വിവാദ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സിബിഐ നടത്തിയ അന്വേഷണത്തിൽ ലക്ഷ്‌മണ ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ തന്നെ ലക്ഷ്മണയെ സര്‍ക്കാര്‍ വിട്ടയക്കുകയും ചെയ്‌തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ