കൊച്ചി: കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്രെ നട്ടെല്ലായ കെ എസ് ആർ ടി സിയെ കൈവിട്ട് എൽ ഡി എഫ് സർക്കാർ. കെ. എസ് ആർ ടി സിയുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. സർക്കാരിന് വേണ്ടി ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് സത്യവാങ് മൂലം സമർപ്പിച്ചിരിക്കുന്നത്.

കെ എസ് ആർ ടി സി ജീവനക്കാരുടെ പെൻഷൻകാര്യത്തിൽ സർക്കാരിന് നേരിട്ട് ബന്ധമില്ലെന്ന് സത്യവാങ് മൂലത്തിൽ സർക്കാർ പറയുന്നു. എന്നാൽ സർക്കാർ വാദം കെ എസ് ആർ ടി സി തളളിക്കളഞ്ഞു. സാമൂഹിക ഉത്തരവാദിത്വമാണ് കെ എസ് ആർ ടിസി നിറവേറ്റുന്നതെന്നും അതിനാൽ സർക്കാരിന് സ്ഥാപനത്തിനെ സഹായിക്കാനുളള ബാധ്യതയുണ്ടെന്നും കെ എസ് ആർ ടി സി പറയുന്നു.

കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. സര്‍ക്കാരിന്രെ സാമ്പത്തിക സഹായം നൽകാത്ത സാഹചര്യത്തിലാണ് പെന്‍ഷന്‍ വിതരണം മുടങ്ങുന്നതെന്ന് കാണിച്ചായിരുന്നു പരാതിക്കാർ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.

1984 മുതല്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. രാജ്യത്തെ ഒരു ഗതാഗത കോര്‍പ്പറേഷനും സ്വന്തം വരുമാനത്തില്‍നിന്ന് പെന്‍ഷന്‍ നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരില്‍നിന്ന് സഹായവും പ്രതീക്ഷിക്കേണ്ടതില്ലെന്നും സർക്കാർ സത്യവാങ് മൂലത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ 20 വർഷത്തിലേറെയായി കെ എസ് ആർ ടി സി ജീവനക്കാരുടെ പെൻഷൻ മുടങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. പലപ്പോഴും സർക്കാരാണ് പ്രശ്നം പരിഹരിക്കാൻ രംഗത്ത് വന്നിരുന്നത്. കെ എസ് ആർ ടി സിയുടെ പ്രശ്നത്തിന്രെ മൂലകാരണം കണ്ട് പരിഹരിക്കാൻ മാറി മാറി വന്ന ഭരണാധികാരികളാരും ശ്രമിച്ചില്ലെന്നാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോപണം.

സർക്കാരിന് വേണ്ടി കെ. എസ് ആർ ടിസി ചെയ്യുന്ന കാര്യങ്ങളുടെ പണം പോലും സ്ഥാപനത്തിന് ലഭിക്കുന്നില്ലെന്നും പൊതുമേഖലാ സ്ഥാപനത്തിന് നൽകേണ്ടുന്ന പിന്തുണ സർക്കാരിന്രെ ഭാഗത്ത് നിന്നും ലഭിക്കുന്നില്ലെന്നും അവർ ആരോപിക്കുന്നു.

മേൽത്തട്ടിൽ നടക്കുന്ന ധൂർത്തും അഴിമതിയുമാണ് കെ എസ് ആർ ടി സിയെ നഷ്ടത്തിലാക്കുന്നതെന്നുളള ആരോപണം വളരെക്കാലമായി ജീവനക്കാർ ഉന്നയിക്കുന്നുണ്ട്. ഈ വിഷയങ്ങളെല്ലാം പരിഹരിക്കുന്നതിന് പകരം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ് മാറി മാറി വന്ന സർക്കാരുകൾ ചെയ്തതെന്ന് അവർ കുറ്റപ്പെടുത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ