scorecardresearch
Latest News

രാജ്യത്തെ ഭിന്നിപ്പിക്കുന്ന സര്‍വേകള്‍ നടക്കുന്നു: മുഖ്യമന്ത്രി

പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കേണ്ടതല്ലെന്നും മതനിരപേക്ഷത സംരക്ഷിക്കാനാണ് ഭരണഘടന നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Pinarayi Vijayan, LDF government, Progress report

തിരുവനന്തപുരം: പൗരത്വ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാറിനു വ്യക്തമായ നിലപാടുണ്ടെന്നും ഇനിയുമത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരെയാകെ ഒരുമയോടെ നിര്‍ത്തുക, ഒരുമയുള്ള സമൂഹമായി നില്‍ക്കുകയെന്നത് നാമെല്ലാം ആഗ്രഹിക്കുന്ന കാര്യമാണ്. നവോത്ഥാന കാലത്തു തന്നെ ഉയര്‍ന്നു വന്ന മുദ്രാവാക്യം ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ഇടമായി നാട് മാറണമെന്നുള്ളതാണ്. ഭരണഘടനാപരമായി മതനിരപേക്ഷത അംഗീകരിച്ച രാഷ്ട്രമാണു നമ്മുടേത്. പക്ഷെ, ആ മതനിരപേക്ഷത ഏതെല്ലാം രീതിയില്‍ തകര്‍ക്കാനാകുന്നെതിലാണ് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

അതോടൊപ്പം വര്‍ഗീയ ശക്തികള്‍ക്കു വലിയ തോതില്‍ പ്രോത്സാഹനവും ലഭിക്കുന്നു. ഇതിന്റെ ഫലമായി വലിയ ആശങ്കയില്‍ കഴിയേണ്ടി വരുന്ന അവസ്ഥ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളില്‍ ഉണ്ടാകുന്നു. അതിന്റെ ഭാഗമായി പല നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെ വരുന്നു. അതില്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ടതും രാജ്യത്തിനു ചേരാത്തതുമായ ഒന്നായിരുന്നു മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കാനുള്ള തീരുമാനം.

പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍, സംസ്ഥാനത്ത് അത് നടപ്പാക്കില്ലെന്ന് ഒരു തരത്തിലും അറച്ചുനില്‍പ്പാതെ കേരളം ആദ്യമേ തന്നെ പരസ്യമായി പറഞ്ഞു. കേന്ദ്രം ഒരു നിലപാടെടുത്താല്‍ അതില്‍ നിന്ന് വ്യത്യസ്തമായതു സംസ്ഥാനത്തിന് സ്വീകരിക്കാനാകുമോ എന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. അവിടെയാണ് ബദലിന്റെ കാമ്പ്.

പലഘട്ടങ്ങളിലായി ഈ പറയുന്ന ഒരുപാട് പ്രഖ്യാപനങ്ങള്‍ ഉത്തരവാദപ്പെട്ട പലരില്‍നിന്നും വന്നപ്പോഴെല്ലാം സംസ്ഥാനം നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. ഇനിയുമത് തുടരും. പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കേണ്ട ഒന്നല്ല. മതനിരപേക്ഷത സംരക്ഷിക്കാനാണ് ഭരണഘടന നിലകൊള്ളുന്നത്. ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായി പൗരത്വം നിര്‍ണയിക്കാന്‍ ആര്‍ക്കും അധികാരമില്ല. അത്തരം ഒരു പ്രശ്‌നം ഉയരുമ്പോള്‍ ഭരണഘടനയാണ് ഉയര്‍ന്നുനില്‍ക്കുക. ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ വച്ചുകൊണ്ടാണ് സംസ്ഥാനം നിലപാട് സ്വീകരിച്ചത്.

Pinarayi Vijayan, LDF government, Progress report

രാജ്യത്ത് പലയിടങ്ങളിലായി പലതരത്തിലുള്ള സര്‍വേ നടക്കുകയാണ്. അത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള സര്‍വേകള്‍ കൂടിയാണ്. നമ്മളും ഇവിടെ സര്‍വേകള്‍ നടത്തുന്നുണ്ട്. ആ സര്‍വേകള്‍ ഏതെങ്കിലും തരത്തില്‍ ജനങ്ങളെ ചേരിതിരിക്കാനുള്ളതല്ല. ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. സമൂഹത്തിലെ പരമദരിദ്രരായ കുടുംബങ്ങള്‍ ഏതൊക്കെയാണെന്നു കണ്ടെത്താനുള്ള സര്‍വേ സംസ്ഥാനത്ത് പൂര്‍ത്തിയായി. അതിലൂടെ ആ കുടുംബങ്ങളെ ആകെ കണ്ടെത്താന്‍ സാധിച്ചു. അതിന്റെ ഭാഗമായുള്ള തുടര്‍നടപടികളിലേക്ക് കടക്കും.

വലതുപക്ഷത്തിന് കൃത്യമായ ബദലുണ്ടെന്ന് കേരളത്തിന് തെളിയിക്കാനായിരിക്കുന്നു. കേന്ദ്രത്തിന്റെ ആഗോളീകരണ, ഉദാരീകരണ ജനവിരുദ്ധ നടപടികള്‍ അതേ പോലെ നടപ്പാക്കാനാണ് അതംഗീകരിക്കുന്ന സംസ്ഥാനങ്ങള്‍ ചെയ്യുന്നത്. എന്നാലതില്‍നിന്നു വ്യത്യസ്തമായ നിലപാട് സ്വീകരിക്കാമെന്ന് കേരളത്തിനു കാണിക്കാനായി. ജനങ്ങള്‍ക്കെതിരായ നടപടികളാണ് വലതുപക്ഷം കേന്ദീകരിച്ചതെങ്കില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങളാണ് ഇടതുപക്ഷം സ്വീകരിച്ചത്.

കേന്ദ്രം പൊതുമേഖലാ സ്ഥാപനത്തെ ഇല്ലാതാക്കുമ്പോള്‍ സംസ്ഥാനം അവ ഏറ്റെടുത്ത് നടത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ അതില്‍നിന്നു സംസ്ഥാനത്തെ ഒഴിവാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വരെ അതിന്റെ ഉദാഹരണമാണ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വരെ സ്വകാര്യമേഖലയ്ക്കു നല്‍കാന്‍ കേന്ദ്രം ശ്രമിക്കുന്നു.

Also Read: കോവിഡ്: സംസ്ഥാനത്ത് ഇന്നും ആയിരത്തിലേറെ രോഗികൾ; കൂടുതൽ എറണാകുളത്ത്

നിയമനങ്ങളില്‍ കേരളം ഏറെ മുന്നിലാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജീവനക്കാരെ എടുക്കാന്‍ തയാറല്ല. കാരണം അനുമതിയില്ല. എന്നാല്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുകയെന്ന നിലപാടുമായാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിനു മാതൃകയാണ്. ആറുമാസം പാഠപുസ്തകം കിട്ടാത്ത കുട്ടികളായിരുന്നു ഇവിടെ നേരത്തെയുണ്ടായിരുന്നത്. എന്നാലിപ്പോള്‍ അധ്യയന വര്‍ഷം തുടങ്ങും മുമ്പ് പുസ്തകങ്ങള്‍ കിട്ടിത്തുടങ്ങി.

വൈദ്യുതി മേഖലയില്‍ നല്ല പുരോഗതിയുണ്ടായി. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനാണ് വലിയ ശ്രമം നടക്കുന്നത്. കോവിഡിന് മുന്നില്‍ കേമന്‍മാരെന്ന് അഹങ്കരിക്കുന്ന രാജ്യങ്ങള്‍ പോലും മുട്ടുകുത്തി. എന്നാല്‍ നമ്മുടെ ആരോഗ്യസംവിധാനം മികച്ചുനിന്നു. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ എസ് ആർ ടിസിയെ സ്വയം പര്യാപ്തമാക്കും: പ്രോഗ്രസ് റിപ്പോർട്ട്

കെ എസ് ആർ ടിസിയെ പുനസംഘടിപ്പിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുമെന്ന് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട്.

കെ എസ് ആർ ടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കും. അതുവവരെ കെ എസ് ആർ ടിസിയുടെ ബാങ്ക് കൺസോർഷ്യം വായ്പകൾ സർക്കാർ തിരിച്ചടയ്ക്കും. ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കും.

കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് പുനസംഘടിപ്പിക്കും. ശമ്പള പരിഷ്കരണത്തിൽ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കും. തിരുവനന്തപുരം, കോഴിക്കോട് കെ എസ് ആർ ടി സി സമുച്ചയങ്ങൾ കെ ടി ഡി എഫ് സിയിൽനിന്നു തിരിച്ചെടുക്കും.

സിൽവർലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ തുടങ്ങും. പദ്ധതിയുമായി മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം ലഭിച്ചിട്ടുണ്ട്. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം. ഡി പി ആർ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ldf government first anniversary cm pinarayi vijayan speech