scorecardresearch
Latest News

ഗവർണറുടെ അന്ത്യശാസനം നിയമപരമായി നേരിടാൻ സർക്കാർ

വിസിമാർ രാജിവയ്ക്കേണ്ട എന്നാണ് സർക്കാർ നിർദേശം. രാജിവച്ചില്ലെങ്കിൽ വിസിമാരെ പുറത്താക്കാനുള്ള ഗവർണറുടെ അടുത്ത നീക്കം നിർണായകമാകും

pinarayi vijayan, arif mohammad khan, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാൻ സർക്കാർ. ഭരണഘടനാ വിദഗ്ധരുമായി ആലോചിച്ച് കോടതിയെ സമീപിക്കാനാണ് സർക്കാർ നീക്കം. ഗവർണറുടെ തീരുമാനം പരീക്ഷകളെ അടക്കം ബാധിച്ചേക്കുമെന്ന് കോടതിയെ ബോധിപ്പിക്കും.

അതേസമയം, വിസിമാർ രാജിവയ്ക്കേണ്ട എന്നാണ് സർക്കാർ നിർദേശം. രാജിവച്ചില്ലെങ്കിൽ വിസിമാരെ പുറത്താക്കാനുള്ള ഗവർണറുടെ അടുത്ത നീക്കം നിർണായകമാകും. ഇന്ന് രാജിവയ്ക്കില്ലെന്ന് എംജി വൈസ് ചാൻസലർ സാബു തോമസ് അറിയിച്ചു. ഗവർണറുടെ കത്തിനെക്കുറിച്ച് പഠിച്ചശേഷം തീരുമാനമെടുക്കും. ഗവർണറുടെ നിർദേശത്തെക്കുറിച്ച് പ്രതികരിക്കാനില്ല. മന്ത്രിയുമായി സംസാരിച്ചിട്ടില്ല. സർവകലാശാലയുടെ പ്രതിസന്ധി പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം ഇന്ന് നടക്കും. രാവിലെ 10.30 ന് പാലക്കാട്ടെ കെഎസ്ഇബി ഗസ്റ്റ് ഹൗസിൽ വച്ചാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. ഞായറാഴ്ച രാത്രി എട്ടരയോടെ ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല.

തിങ്കളാഴ്ച രാവിലെ 11.30നകം ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. കേരള, എംജി, കണ്ണൂര്‍, കുസാറ്റ്, കെടിയു, കാലടി, കാലിക്കറ്റ്, മലയാളം വാഴ്‌സിറ്റി വിസിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. സുപ്രീംകോടതിയുടെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് നിര്‍ദേശം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ldf government and kerala governor fight pinarayi vijayan press meet