തിരുവനന്തപുരം: ഡോക്‌ടർമാർക്കെതിരെ നടപടിയുമായി സർക്കാർ. അനധികൃത അവധിയെടുത്ത ഡോക്‌ടർമാരെ പിരിച്ചുവിടാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. അനധികൃത അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമടക്കം ജോലി ചെയ്യുന്ന ഡോക്‌ടർമാർക്കെതിരെയാണ് സർക്കാർ നടപടി.

ദീർഘകാലമായി അവധിയിൽ കഴിയുന്നവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞവർഷം രണ്ടുതവണ അവസരം നല്‍കിയിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കാനോ, കൃത്യമായ കാരണം കാണിക്കാൻ തയ്യാറാകാത്തവരെയുമാണ് പിരിച്ചു വിടുന്നത്. തിരികെ ജോലിയിൽ പ്രവേശിക്കാൻ സർക്കാർ ഇവർക്ക് അവസരം നൽകിയിരുന്നു.

Read Also: 18 വയസ് തികയുന്ന ദിവസമാണ് ലാലേട്ടനൊപ്പം ആ സീനിൽ അഭിനയിച്ചത്: മഞ്ജു വാരിയര്‍

430 ഡോക്‌ടർമാരെയാണ് പിരിച്ചുവിടുന്നത്. ഡോക്‌ടർമാർ ഉൾപ്പെടെ   480 ജീവനക്കാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനാണ് തീരുമാനം. പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ 53 ഡോക്‌ടർമാരും പ്രൊബേഷനര്‍മാരായ 377 ഡോക്‌ടർമാരും ഉള്‍പ്പെടെയുള്ളവരാണ് നടപടി നേരിടുന്ന 430 പേർ. അനധികൃത അവധിയെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞവർഷം ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്‌ടർമാരെ പുറത്താക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. പിരിച്ചു വിടുന്നവരുടെ ഒഴിവിലേക്ക് പുതിയ ജീവനക്കാർക്ക് അവസരം നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇത്രയധികം നാളുകളായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ താറുമാറാക്കുകയും ജനങ്ങൾക്ക് അർഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് സേവനതൽപരരായ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കർശന നടപടി സ്വീകരിക്കുന്നതെന്ന്‌ ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.