തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ കെ.ശ്രീകുമാര്‍ (സിപിഎം) തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പിനു ശേഷമാണ് വിജയിയെ പ്രഖ്യാപിച്ചത്. ഇന്നു രാവിലെ കൗണ്‍സില്‍ ഹാളിലാണ് മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്. മുന്‍ മേയര്‍ വി.കെ.പ്രശാന്ത് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് തിരുവനന്തപുരത്ത് മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്.

മൂന്നു സ്ഥാനാര്‍ഥികളുണ്ടായിരുന്നതിനാൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തുവന്ന സ്ഥാനാര്‍ഥിയെ ഒഴിവാക്കി രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്തുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പേട്ട കൗണ്‍സിലര്‍ ഡി.അനില്‍കുമാറാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയത്.

Read Also: പൊട്ടിക്കരഞ്ഞ് ജീവനക്കാരന്‍; ആശ്വസിപ്പിച്ച് മേയര്‍ ബ്രോ, വീഡിയോ

രണ്ടാംഘട്ടത്തിൽ ബിജെപി സ്ഥാനാര്‍ഥി നേമം കൗണ്‍സിലര്‍ എം.ആര്‍.ഗോപനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ശ്രീകുമാറും തമ്മിലായി മത്സരം. കെ.ശ്രീകുമാറിന് 42 വോട്ട് കിട്ടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി എം.ആര്‍.ഗോപന് ലഭിച്ചത് 34 വോട്ട്. ഇതോടെ ശ്രീകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. ചാക്ക വാർഡ്‌ കൗൺസിലറും കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനുമാണ്‌  സിപിഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ കെ.ശ്രീകുമാർ.

ആദ്യ ഘട്ടത്തിൽ ആകെ 99 പേര്‍ വോട്ടുചെയ്തതില്‍ കെ ശ്രീകുമാറിന് 42 വോട്ടും എം.ആർ.ഗോപന് 35 വോട്ടും ഡി.അനിൽകുമാറിനു 20 വോട്ടും ലഭിച്ചു. മൂന്ന് വോട്ട് അസാധുവായി. കോൺഗ്രസ് അംഗം സി.ഓമന, ബിജെപി അംഗം ജ്യോതി സതീഷ്, സ്വതന്ത്ര അംഗം എൻ.എസ്.ലതാകുമാരി എന്നിവരുടെ വോട്ടാണ് അസാധുവായത്.

മൂന്ന് സ്ഥാനാർഥികൾ മത്സരത്തിനു വന്നാൽ ആദ്യമെത്തുന്ന സ്ഥാനാർഥിക്ക് മറ്റ് രണ്ടു സ്ഥാനാർഥികൾക്കും ലഭിച്ച വോട്ടുകളേക്കാൾ ഒരു വോട്ടെങ്കിലും കൂടുതൽ ലഭിക്കണമെന്നാണ് ചട്ടം. ഇതുപ്രകാരമാണ് തിരുവനന്തപുരത്ത് വോട്ടെടുപ്പ് രണ്ട് ഘട്ടമായി നടത്തേണ്ടി വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook