/indian-express-malayalam/media/media_files/uploads/2022/04/e-p-jayarajan.jpg)
കൊച്ചി: സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പദ്ധതി നടപ്പിലാക്കുമെന്നും മാറിയത് സർവേ രീതിമാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെ-റെയിലുമായി ബന്ധപ്പെട്ട് എന്തെങ്കിലും രീതിയിലുള്ള സംഘർഷങ്ങൾ ഉണ്ടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. സർവേ രീതി മാറിയാൽ പ്രതിപക്ഷം സഹകരിക്കുമോ എന്ന് വ്യക്തമാക്കണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ തുടർന്നാണ് കല്ലിടൽ നിർത്തിയതെന്ന വാദം വെറും ആരോപണം മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു.
കെ റെയിൽ സർവേ സംബന്ധിച്ച നിലപാട് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും പറഞ്ഞു. കെ-റെയിൽ വേണ്ട എന്ന് പറഞ്ഞ പ്രതിപക്ഷം ഇപ്പോൾ ജിപിഎസ് സർവേ ആകാമെന്ന് പറയുന്നു. അവരുടെ സമീപനം മാറ്റിയെങ്കിൽ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ-റെയിൽ കല്ലിടൽ നിർത്തിവയ്ക്കാനുള്ള സർക്കാർ തീരുമാനം യുഡിഎഫ് സമരത്തിന്റെ വിജയമാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. അന്ന് അത് ചെവിക്കൊള്ളാൻ സർക്കാർ തയ്യാറായില്ല. ഇപ്പോൾ സർവേ നിർത്തിവെച്ച സാഹചര്യത്തിൽ സർക്കാർ തെറ്റ് സമ്മതിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആര് എതിർത്താലും കല്ലിടൽ നടത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് വരെ നിലപാടിൽ നിന്ന് പിന്നോട്ട് പോകേണ്ടി വന്നെന്നും വി ഡി സതീശൻ പറഞ്ഞു. കല്ലിടലിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനവികാരത്തിന് മുമ്പിൽ പിണറായി സർക്കാർ മുട്ടുമടക്കി എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സിൽവർലൈൻ യാഥാർത്ഥ്യമാവില്ലെന്ന് സംസ്ഥാന സർക്കാരിന് ഉറപ്പായിരുന്നു. ചെയ്ത തെറ്റുകൾക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയുകയും പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കാൻ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് കെ-റെയിൽ സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള കല്ലിടൽ അവസാനിപ്പിച്ച് കൊണ്ട് റവന്യു വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ജിപിഎസ് സംവിധാനത്തിലൂടെ സർവേ നടത്താനാണ് പുതിയ തീരുമാനം. കല്ലിടലിന് പകരം ജിയോ ടാഗിങ് സംവിധാനമാണ് ഉപയോഗിക്കുക.
Also Read: കെ-റെയിൽ കല്ലിടൽ നിർത്തി സർക്കാർ; സർവേയ്ക്ക് ഇനി ജിപിഎസ് സംവിധാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.