തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വർദ്ധിപ്പിച്ചു. ഇത് സംബന്ധിച്ച് ഇടതുമുന്നണി യോഗത്തിന്റെ ശുപാർശ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെ മിനിമം ബസ് നിരക്ക് ഏഴിൽ നിന്ന് എട്ടു രൂപയാവും. ഫാസ്റ്റ് പാസഞ്ചറുകളുടെ നിരക്ക് 10ൽ നിന്ന് 11 രൂപയായും ഉയരും. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് ഇരട്ടിയാക്കാനുളള നിര്‍ദേശം യോഗം തളളിക്കളഞ്ഞിരുന്നു.

ഓര്‍ഡിനറി, സ്വകാര്യ ബസുകളിലെ മിനിമം നിരക്ക് 7 രൂപയില്‍ നിന്ന് 8 രൂപയാക്കും. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 ആകും. എക്സിക്യൂട്ടീവ് സൂപ്പര്‍ എക്സ്പ്രസിന്റെ നിരക്ക് 13 നിന്ന് 15 ഉം, സൂപ്പര്‍ ഡീലക്സ് സെമി സ്ലീപ്പര്‍ നിരക്ക് 20 നിന്ന് 22 ഉം, ലക്ഷ്വറി എസി ബസ് നിരക്ക് 40 നിന്ന് 44 ആകും. വോള്‍വോയുടെ മിനിമം നിരക്ക് 40 നിന്ന് അ‍ഞ്ച് രൂപ വര്‍ധിച്ച് 45 രൂപയാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഈ മാസം 16-ാം തീയതി മുതല്‍ ബസ്സുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് ഇടതുമുന്നണി യോഗം ചേര്‍ന്ന് ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം നല്‍കിയത്. ഇന്ധന വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മിനിമം ചാര്‍ജില്‍ ഒരു രൂപ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. അതേസമയം നിരക്ക് വര്‍ധന അപര്യാപ്തമാണെന്ന് ബസ്സുടമകള്‍ പ്രതികരിച്ചു. സമരം തുടരാനാണ് ഇവരുടെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ