കൊച്ചി: കേരളം വേനല്‍ ചൂടിനേയും കടത്തി വെട്ടുന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടന്നു കഴിഞ്ഞു. പ്രചാരണത്തിനായി സിനിമ താരങ്ങളുടെ സഹായം തേടുന്നത് മുമ്പും നാം കണ്ടിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു മുന്നണികളും ഇത്തവണ ഒരേ സിനിമാ താരത്തിന്റെ പിന്തുണയാണ് തേടിയിരിക്കുന്നത്.

എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.രാജീവും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപനുമാണ് പിന്തുണ ആവശ്യപ്പെട്ട് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തിയത്.

വോട്ട് അഭ്യര്‍ഥിച്ചാണ് പി.രാജീവ് മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. രാജീവിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന മമ്മൂട്ടി എല്ലാവരും വോട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശം എന്നും അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ഇതിന്റെ വീഡിയോ രാജീവ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന സോഷ്യല്‍ മീഡിയ ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ടി.എന്‍.പ്രതാപന്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ചത്. ഇതിന്റെ ഭാഗമായി പ്രതാപന്റെ ഫെയ്സ്ബുക്ക് പേജ് മമ്മൂട്ടി പ്രകാശനം ചെയ്തു. മുമ്പ് മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷനില്‍ ഉണ്ടായിരുന്ന പ്രതാപന് താരവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതാപനും ഭാഗമാണ്.

പ്രതാപന്‍ ജയിച്ചു കാണണമെന്നാണ് ആഗ്രഹമെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് മമ്മൂട്ടിയുടെ പിന്തുണ തേടി എത്തിയതെന്ന് പ്രതാപന്‍ പറഞ്ഞു. ഈ രാഷ്ട്രീയ ദൗത്യത്തിന് പിന്തുണ നല്‍കിയ ഇക്കയ്ക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നതായും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

താനൊരു ഇടതുപക്ഷ അനുഭാവി ആണെന്ന് എത്രയോ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുള്ള ആളാണ് മമ്മൂട്ടി. കൈരളി ചാനലിന്റെ ഉടമസ്ഥാവകാശമുള്ള മലയാളം കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ കൂടിയാണ് മമ്മൂട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.