മലപ്പുറം: ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഒഴിഞ്ഞ മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ഇടത് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ഇതിനായി സിപിഎമ്മിന്റെ ജില്ല കമ്മിറ്റി യോഗം മലപ്പുറത്ത് ചേരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

സിപിഎം സംസ്ഥാന സമിതിയംഗം ടികെ ഹംസ, കർഷകസംഘം സംസ്ഥാന നേതാവ് ടികെ റഷീദലി, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് എംപി ഫൈസൽ എന്നിവരുടെ പേരുകളാണ് മുന്നോട്ട് വന്നിട്ടുള്ളത്. ടികെ ഹംസ യെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ജില്ല കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും താത്പര്യം.

അതേസമയം കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന സമിതി യോഗത്തിലെ തീരുമാനം കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ വ്യക്തമാക്കും. ഇത് ജില്ല കമ്മിറ്റി ചർച്ച ചെയ്ത ശേഷം, അംഗീകരിക്കുമെന്നാണ് വിവരം.

മറുഭാഗത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായ പികെ കുഞ്ഞാലിക്കുട്ടിയ്ക്കായുള്ള പ്രചാരണ പ്രവർത്തനങ്ങൾ മലപ്പുറത്ത് ആരംഭിച്ചു കഴിഞ്ഞു. മുസ്ലിം ലീഗ് നേതൃത്വം നേരത്തേ തന്നെ പികെ കുഞ്ഞാലിക്കുട്ടിയെ എംപി സ്ഥാനത്തേക്ക് നിർദ്ദേശിച്ചിരുന്നു.

2017-18 കാലത്തെ കേന്ദ്ര ബജറ്റ് സമ്മേളനത്തിനായി പാർലമെന്റ് സമ്മേളിച്ചപ്പോഴാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ഇ അഹമ്മദ് സഭയിൽ കുഴഞ്ഞുവീണത്. അദ്ദേഹത്തിന്റെ മരണ വിവരം മറച്ചുവയ്ക്കാൻ കേന്ദ്ര സർക്കാർ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുയർന്നത് വിവാദമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ