എറണാകുളം: ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് ഇടത് സ്ഥാനാർത്ഥിയായി നടി റിമ കല്ലിങ്കൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. വനിതാ മതിൽ അടക്കമുളള പരിപാടികൾ റിമ പങ്കെടുത്തതോടെയാണ് തിരഞ്ഞെടുപ്പിൽ റിമ ഇടത് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശക്തമായത്. എറണാകുളത്ത് സിനിമാ താരങ്ങളെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം ആലോചിക്കുന്നതായുളള റിപ്പോർട്ടുകൾ വന്നതോടെ അത് റിമയാണെന്ന് പലരും ഉറപ്പിച്ചു. പക്ഷേ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് പറയുകയാണ് റിമ.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അതൊക്കെ വെറുതെ പറയുന്നതുമാണെന്നായിരുന്നു സ്ഥാനാർത്ഥി വാർത്തയെക്കുറിച്ച് ചോദിച്ചപ്പോൾ റിമ കല്ലിങ്കൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. അതേസമയം, റിമയ്ക്കു പുറമേ ആഷിഖ് അബു, നടൻ ശ്രീനിവാസൻ എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

അഞ്ചു തവണ കോൺഗ്രസ് സ്ഥാനാർത്ഥി കെ.വി.തോമസ് ജയിച്ച് കയറിയ മണ്ഡലമാണ് എറണാകുളം. അദ്ദേഹം തന്നെ ഇക്കുറിയും സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. അങ്ങനെ വന്നാൽ കെ.വി.തോമസിനെ അട്ടിമറിക്കാൻ തക്ക വ്യക്തിപ്രഭാവമുളള സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് ഇടതു മുന്നണി നീക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.