ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 18 സീറ്റുകളിൽ വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. വയനാട്, മലപ്പുറം മണ്ഡലങ്ങൾ ഒഴികെ ബാക്കിയുള്ള 18 മണ്ഡലങ്ങളിലും ജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ന് ചേർന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശക്തമായ മത്സരം നടന്നതാണ് പോളിങ് ശതമാനം വർധിക്കാൻ കാരണം. 2004ന് സമാനമായ പ്രവണതയാണ് കാണുന്നത്. അതുകൊണ്ട് തന്നെ എൽഡിഎഫിന് അഭിമാനർഹമായ ജയമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതം കൂടുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജെപി വോട്ട് മറിഞ്ഞാലും ഇടതുപക്ഷത്തിന് വിജയിക്കാൻ സാധിക്കുമെന്നും കോടിയേരി.
കേരളത്തിൽ സമാധാനപരമായി തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുവാൻ സാധിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന് പാളിച്ചകൾ സംഭവച്ചുവെന്നും കോടിയേരി. വിവിപാറ്റ് ഉപയോഗിച്ചുള്ള വോട്ടിങ്ങിന് കൂടുതൽ സമയമെടുക്കുമെന്ന് അറിയാവുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടുതൽ ബൂത്തുകൾ ഒരുക്കേണ്ടതായിരുന്നുവെന്നും കോടിയേരി പറഞ്ഞു.