തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിലെ ചരിത്ര വിജയം ഊര്‍ജ്ജമാക്കി എല്‍ഡിഎഫ് പ്രചാരണം തുടരുന്നു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പാലാ തിരഞ്ഞെടുപ്പ് ഫലം സ്വാധീനം ചെലുത്തുമെന്നാണ് ഇടതുമുന്നണി വിശ്വസിക്കുന്നത്. സംസ്ഥാനത്തെ സാഹചര്യം തങ്ങള്‍ക്കനുകൂലമാണെന്ന് എല്‍ഡിഎഫ് വിലയിരുത്തുന്നു.
എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. രണ്ട് മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി നേരിട്ടെത്തി പ്രചാരണം നടത്തും. അരൂര്‍, കോന്നി എന്നീ മണ്ഡലങ്ങളിലെ കണ്‍വെന്‍ഷനുകളിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുക. ഇന്ന് കോന്നിയില്‍ പിണറായി വിജയനും വട്ടിയൂര്‍ക്കാവില്‍ കോടിയേരി ബാലകൃഷ്ണനും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തിങ്കളാഴ്ച അരൂരിലെ കണ്‍വെന്‍ഷനിലും പിണറായി പങ്കെടുക്കും. എറണാകുളത്ത് എ.വിജയരാഘവനും, മഞ്ചേശ്വരത്ത് മന്ത്രി ഇ.ചന്ദ്രശേഖരനും കണ്വെൻഷൻ ഉദ്ഘാടനം ചെയ്യും.
Read Also: ഒടുവില്‍ വഴങ്ങി; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരന്
ഏറ്റവും ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സാധിച്ചത് നേട്ടമായാണ് ഇടതുമുന്നണി കാണുന്നത്. തര്‍ക്കങ്ങളോ ഭിന്നതയോ ഇല്ലാതെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സാധിച്ചത് തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ശബരിമല വിഷയമടക്കം പ്രതിപക്ഷം പ്രചാരണ ആയുധമാക്കുമ്പോള്‍ എല്‍ഡിഎഫ് അതിനെ എങ്ങനെയാണ് പ്രതിരോധിക്കുക എന്നതും കാത്തിരുന്ന് കാണേണ്ടി വരും.
എല്‍ഡിഎഫിനായി അഞ്ച് മണ്ഡലങ്ങളിലും പുതുമുഖങ്ങളാണ് മത്സരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത് ജനവിധി തേടുമ്പോള്‍ മഞ്ചേശ്വരത്ത് ശങ്കര്‍ റായ് മത്സരിക്കും. എറണാകുളത്ത് അഡ്വ.മനു റോയ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മത്സരിക്കുക. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.എം.റോയിയുടെ മകനാണു മനു റോയ്. അരൂരില്‍ മനു സി.പുളിക്കൻ, കോന്നിയില്‍ കെ.യു.ജനീഷ് കുമാര്‍ എന്നിവരും മത്സരിക്കും.
വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21നാണു നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണു തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 നാണു ഫലപ്രഖ്യാപനം.