തിരുവനന്തപുരം: കെ.എം.മാണിയോട് എൽഡിഎഫിന് മൃദു സമീപനമില്ലെന്ന് എൽ​ഡിഎഫ് കൺവീനർ എ.വിജയരാഘവൻ അവകാശപ്പെട്ടു. പ്രസ്ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസി’ൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

ബാർകോഴ കേസിൽ കൺവീനർ കക്ഷി ചേരണമെന്നാണ് എൽഡിഎഫ് തീരുമാനം. തീർച്ചയായും കക്ഷിചേരും. കേസിൽ കക്ഷി ചേർന്ന് മാണി കുറ്റക്കാരനാണെന്ന് വാദിക്കുന്നതിൽ തെറ്റ് കാണുന്നില്ല. എൽഡിഎഫ് സർക്കാർ ഒരു അഴിമതിക്കാരെയും സംരക്ഷിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. കേസിൽ വിജിലൻസ് മാണിക്ക് ക്ലീൻചിറ്റ് നൽകിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം.മാണി പ്രതിയായ ബാർകോഴ കേസിൽ നിലവിൽ കണ്ടെത്തിയ വസ്തുതകൾക്ക് അപ്പുറത്തുള്ളത് വിജിലൻസ് കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വി.എസ്.സുനിൽ കുമാർ കേസിൽ നിന്ന് മാറിയത് എന്തിനെന്ന് മന്ത്രിയോട് ചോദിക്കണം. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

ആർഎസ്പി പോലുള്ള പാർട്ടി എൽഡിഎഫിന് ഒരലങ്കാരമാണ് എന്നായിരുന്നു ആർഎസ്പിയെ കുറിച്ചുളള ചോദ്യത്തിന് കൺവീനറുടെ മറുപടി. ആർഎസ്പിയുമായി സീറ്റ് സംബന്ധിച്ച പ്രശ്നം ഇല്ല. ആർഎസ്പി എൽഡിഎഫിൽ ഉണ്ടാകേണ്ടതാണ്. അവർ പുരോഗമന സ്വഭാവമുള്ള ദേശീയ പാർട്ടിയാണ്. എൽഡിഎഫിലേയ്ക്ക് ഇല്ലെന്ന ആർഎസ്പി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് “ഒരു വിഷമത്തിന്റെ പേരിൽ പറയുന്നതാണ്,” എന്നായിരുന്നു പ്രതികരണം. “യുഡിഎഫിൽ പോയപ്പോഴാണ് ആർഎസ്പിക്ക് എറ്റവും കൂടുതൽ നഷ്ടം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് തുറന്ന സമീപനമാണ്” വിജയരാഘവൻ വിശദീകരിച്ചു.

എൽഡിഎഫിൽ പുതിയ പാർട്ടികളെ ഉൾക്കൊള്ളിക്കും. ഇക്കാര്യത്തിൽ ഘടകക്ഷികൾക്കുള്ളിൽ ചർച്ച തുടങ്ങിയിട്ടേയുള്ളൂ. അടുത്ത എൽഡിഎഫിൽ പൊതുധാരണ ഉണ്ടാവും. എൽഡിഎഫ് വികസനത്തിൽ മുന്നണി പ്രവേശം ആഗ്രഹിക്കുന്ന പാർട്ടികളുടെ നയമാണ് പ്രശ്നം. എണ്ണം നോക്കിയല്ല തീരുമാനിക്കുന്നത്. സഹകരിക്കുന്നവരെ ഉൾക്കൊള്ളുക എന്നതാണ് സമീപനം. മതനിരപേക്ഷതയിൽ ഊന്നി സാധാരണക്കാരുടെ താൽപര്യത്തിന് ഉതകുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കണം. മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി വരുന്നുവെന്ന വാർത്തകളിൽ ജലീലിന്റെ പേരിൽ അഭ്യൂഹം വേണ്ട എന്നായിരുന്നു മറുപടി. ജലീൽ സിപിഎം സ്വതന്ത്രനാണ്. മുസ്‌ലിം ലീഗിന് ബദലായി മറ്റൊരു മതാധിഷ്ടിത പാർട്ടി രൂപീകരിക്കാനാവില്ല. ലീഗിന് മതേതരം ആവാൻ പറ്റില്ല. അവരുടേത് മതാധിഷ്ടിത രാഷ്ട്രീയമാണ് എൽഡിഎഫ് സർക്കാർ വന്നശേഷം മതന്യൂനപക്ഷം കൂടുതലായി എൽഡിഎഫിനോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും വിജയരാഘവൻ അവകാശപ്പെട്ടു.

കേരളത്തിലെ രാഷ്ട്രീയ അക്രമണങ്ങൾ സംബന്ധിച്ച രാഷ്ട്രപതിയുടെ പ്രസ്താവനയോട് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ വിയോജിച്ചു. കേരളം സംഘർഷഭരിതമായ സംസ്ഥാനം അല്ല, സമാധാനപരമായി നിലകൊള്ളുന്ന സംസ്ഥാനമാണ്. കേരളത്തിൽ ഏതെങ്കിലും സാമുദായിക ജനവിഭാഗത്തിന് എന്തെങ്കിലും അക്രമങ്ങൾ നേരിടേണ്ടിവരുന്നില്ല. കേരളത്തിൽ ഒരു അതിഥി വന്ന് പറഞ്ഞതിൽ നല്ലത് ഉൾക്കൊള്ളുക, അതിൽ മികവില്ലാത്തതിനെ ആ രീതിയിൽ കണ്ടാൽ മതിയെന്ന് എൽ​ഡിഎഫ് കൺവീനർ പറഞ്ഞു. സംഘർഷഭരിതമായ അന്തരീക്ഷമാണ് ബിജെപിക്ക് ആവശ്യം. യുഡിഎഫ് കേന്ദ്ര സമീപനത്തോട് വിമർശിക്കുന്നതിന് പകരം സംസ്ഥാന സർക്കാരിന് എതിരെ വിമർശം ഉന്നയിക്കുന്നുവെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ