തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദം കൂടാതെ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിന്റെ പേരില്‍ വിശ്വാസികളെ ഇളക്കിവിട്ട്‌ സംസ്ഥാനത്ത്‌ കലാപത്തിന്‌ യുഡിഎഫും ബിജെപിയും ആസൂത്രിത നീക്കം നടത്തുകയാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

വിശ്വാസികളെ തടഞ്ഞും ആക്രമിച്ചും സംഘര്‍ഷം സൃഷ്ടിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനാണ്‌ ഇരുകൂട്ടരുടെയും ശ്രമം. ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള നീക്കമാണ്‌ നിലയ്‌ക്കലും പമ്പയിലും അരങ്ങേറി കൊണ്ടിരിക്കുന്നത്‌. നിയമവാഴ്‌ച തകര്‍ത്ത്‌ കലാപമുണ്ടാക്കാനുള്ള ഇരുകൂട്ടരുടെയും ശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികളും, യഥാര്‍ത്ഥ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു. വിശ്വാസികളെ തടഞ്ഞ്‌ ആക്രമിക്കുന്നത്‌ ഏത്‌ ആചാര മര്യാദയുടെ പേരിലാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ ചോദിച്ചു.

സ്‌ത്രീകളെ ബഹുമാനിക്കുന്ന മഹത്തായ പാരമ്പര്യമുള്ള ഒരു നാട്ടിലാണ്‌ ഇത്‌ നടക്കുന്നത്‌. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഏത്‌ വിധേനയും സംഘര്‍ഷം സൃഷ്ടിക്കാനാണ്‌ നീക്കം. കേരളത്തിന്റെ മതേതര മനസ്സിനെ തകര്‍ക്കാനുള്ള ആസൂത്രിതമായ പരിശ്രമത്തിലാണ്‌ യുഡിഎഫും ബിജെപിയും. കോണ്‍ഗ്രസിന്റെ പാരമ്പര്യം ആര്‍എസ്‌എസ്സിന്‌ അടിയറ വച്ചിരിക്കുകയാണ്‌. വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ഇരുകൂട്ടരും കൈകോര്‍ത്ത്‌ നീങ്ങുകയാണ്‌. എല്‍ഡിഎഫ്‌ ഒരു വിശ്വാസത്തിനും എതിരല്ല. വിശ്വാസത്തിന്റെ പേരില്‍ സ്‌ത്രീകളെ എവിടെയും മാറ്റിനിര്‍ത്തരുതെന്ന ഉറച്ച അഭിപ്രായമാണ്‌ മുന്നണിക്കും സര്‍ക്കാരിനുമുള്ളതെന്ന്‌ വിജയരാഘവന്‍ പറഞ്ഞു.

സുപ്രീംകോടതി വിധിയോട്‌ വിയോജിപ്പുള്ള നിരവധി പേര്‍ ഇതിനകം റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്‌. വിധി നടപ്പാക്കുക എന്ന ഭരണഘടനാപരമായ ബാധ്യതയും ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്‌. നിയമവാഴ്‌ചയുള്ള ഒരു സംസ്‌ഥാനത്തെ സര്‍ക്കാരിന്‌ അതിന്‌ മാത്രമേ കഴിയൂ. ആര്‍എസ്‌എസ്സിന്റെയും ബിജെപിയുടെയും ലക്ഷ്യം ഭരണഘടന തകര്‍ക്കുകയാണ്‌. അതിന്‌ ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസ്‌ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണ്‌.

വിശ്വാസത്തിന്റെ പേരില്‍ എന്തും ആകാമെന്ന നിലയിലേക്ക്‌ കോണ്‍ഗ്രസും ആര്‍എസ്‌എസും അധഃപതിച്ചിരിക്കുകയാണ്‌. സുപ്രീം കോടതി വിധിയോട്‌ വിയോജിപ്പുണ്ടെങ്കില്‍ നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ്‌ ബിജെപിയും കോണ്‍ഗ്രസും ചെയ്യേണ്ടത്‌. അല്ലാതെ കേരളത്തിലെ ജനങ്ങളുടെ സ്വൈര ജീവിതം തകര്‍ക്കുകയല്ല. അക്രമ സമരത്തില്‍ നിന്നും എല്ലാവരും പിന്മാറണമെന്ന്‌ എല്‍ഡിഎഫ്‌ അഭ്യര്‍ത്ഥിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ