Latest News

ലൈലത്തുല്‍ ഖദ്ര്‍; ആയിരം മാസങ്ങളുടെ പുണ്യം പെയ്തിറങ്ങുന്ന രാവ്

ഇരുപത്തിയേഴാം രാവ് പള്ളികളിലാണു വിശ്വാസികള്‍ സാധാരണഗതിയില്‍ ചെലവഴിക്കുക. എന്നാല്‍ ഇത്തവണ കോവിഡ് വ്യാപനത്തിന്റെ സാചര്യത്തില്‍ വിശ്വാസികള്‍ വീട്ടില്‍ പ്രാര്‍ഥനകളില്‍ മുഴുകും

Laylat al-Qadr, Ramadan, holiest night of Ramadan, Shab e Qadr, holy month ramadan, Muslim festival ramadan, ie Malayalam

കോഴിക്കോട്: നോമ്പുതുറയും നമസ്‌കാരവും വീടുകളിലൊതുങ്ങിയ ലോക്ക് ഡൗണിലെ റമദാന്‍ വ്രതം അവസാന നാളുകളിലേക്ക്. ആയിരം മാസങ്ങളുടെ പുണ്യം പെയ്തിറങ്ങുന്ന ഇരുപത്തിയേഴാം രാവാണ് ഈ ചൊവ്വാഴ്ച കടന്നുപോയത്. റമദാനിലെ ഏറ്റവും പുണ്യമേറിയ ലൈലത്തുല്‍ ഖദ്ര്‍ അഥവാ നിര്‍ണയത്തിന്റെ രാത്രിയായാണ് ഇരുപത്തിയേഴാം രാവിനെ കണക്കാക്കുന്നത്. ഇസ്ലാമിക വിശ്വാസ പ്രകാരം ഖുര്‍ആന്‍ അവതരിക്കപ്പെട്ട രാവാണു ലൈലത്തുല്‍ ഖദ്ര്‍.

റമദാന്‍ മാസത്തിലെ ഏതു ദിനമാണ് ലൈലത്തുല്‍ ഖദ്ര്‍ എന്നതിനു കൃത്യമായി നിര്‍വചനമില്ല. റമദാനില്‍ ഏറ്റവും പരിശുദ്ധമായി കണക്കാക്കുന്ന അവസാന പത്തുദിനങ്ങളിലെ ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന 21, 23, 25, 27, 29 ദിനങ്ങളിലൊന്നാണ് ലൈലത്തുല്‍ ഖദ്ര്‍ എന്നാണു കരുതുന്നത്. ഈ ദിവസങ്ങളില്‍ ഇരുപത്തിഴാം രാവാണ് ലൈലത്തുല്‍ ഖദ്ര്‍ ആവാന്‍ കൂടുതല്‍ സാധ്യതയെന്ന് ഭൂരിപക്ഷം മുസ്ലിം പണ്ഡിതരുടെയും അഭിപ്രായം. ഈ ഒരു ദിവസത്തെ പ്രാര്‍ഥനയ്ക്ക് 84 വര്‍ഷത്തെ പ്രാര്‍ഥനയുടെ പുണ്യം ലഭിക്കുമെന്നാണു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്.

ഇരുപത്തിയേഴാം രാവ് മുഴുവന്‍ ഭക്തിസാന്ദ്രമായ മനസോടെ പള്ളികളിലാണു വിശ്വാസികള്‍ ചെലവഴിക്കുക. പള്ളികളിൽ പ്രാർഥനകളുമായി ഒത്തു ചേരുന്ന ഇഅ്തികാഫാണ് ഈ രാവിലെ പ്രധാന ചടങ്ങുകളിലൊന്ന്. ഈ വര്‍ഷം കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സാമൂഹിക അകല നിയന്ത്രണങ്ങളുള്ളതിനാല്‍ വിശ്വാസികള്‍ ചടങ്ങ് വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്നാണ് മതനേതാക്കളും പണ്ഡിതരും ആവശ്യപ്പെടുന്നത്.

Read More | റംസാനില്‍ വീട്ടില്‍വച്ച് പ്രാര്‍ഥിക്കുക; പ്രവാചകന്‍ അതു ചെയ്യുമായിരുന്നു: മൗലാന വഹീദുദ്ദീന്‍

ഒരു രാത്രി മുഴുവൻ നഗരത്തിലെ പള്ളികളിൽ വിശ്വാസികൾ നിറയുന്ന ദിനമായിരുന്നു മുൻ വർഷങ്ങളിൽ ഇരുപത്തിയേഴാം രാവ്. എന്നാൽ ഈ വർഷം, പള്ളികളിലെ ഒത്തു ചേരൽ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള പ്രാർഥനകളിലേക്ക് വഴിമാറി. ഇരുപത്തിയേഴാം രാവിനു പിറകേ ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും വീടുകളിൽ കേന്ദ്രീകരിക്കും.

റമദാൻ മാസം അവസാന ദിനങ്ങളിലേക്കെത്തുന്നതോടെ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യമായിരുന്നു മുൻ വർഷങ്ങളിൽ കോഴിക്കോട് നഗരത്തിലുണ്ടായിരുന്നത്. ശവ്വാൽ മാസപ്പിറവി ഉറപ്പിച്ചാൽ ചെറിയ പെരുന്നാളിന് തൊട്ടുമുൻപുള്ള ദിവസം പുതു വസ്ത്രമെടുക്കാനും വിരുന്നൊരുക്കുന്നതിനുള്ള കൂട്ടുകൾ വാങ്ങുന്നതിനുമായി  ആയിരക്കണക്കിനാളുകൾ നഗരത്തിലെ കമ്പോളങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും എത്തിച്ചേരുമായിരുന്നു. എന്നാൽ കോവിഡ് ഭീതിയെത്തുടർന്ന് ഈ ആഘോഷ ദിനങ്ങൾ തിരക്കൊഴിഞ്ഞവയായി മാറി.

മരിച്ചുപോയ പൂര്‍വികരെ അനുസ്മരിക്കുന്ന ദിനം കൂടിയാണ് ഒരു വിഭാഗം വിശ്വാസികള്‍ക്ക് ഇരുപത്തിയേഴാം രാവ്. ഈ ദിനത്തില്‍ പകല്‍സമയത്ത് ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്ന സിയാറത്ത് ചടങ്ങ് നടത്താറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം സിയാറത്ത് ചടങ്ങുകള്‍ ഒഴിവാക്കിയതായി സുന്നി വിഭാഗം നേതാക്കള്‍ അറിയിച്ചു.

”കോവിഡ് കണക്കിലെടുത്ത് ലൈലത്തുല്‍ ഖദ്ര്‍ നാളിലെ പ്രാര്‍ഥനകള്‍ വീട്ടില്‍ നിര്‍വഹിക്കാനാണു വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നത്. പെരുന്നാള്‍ ദിന ആഘോഷങ്ങള്‍ ആരാധനയിലൊതുക്കാനാണു പണ്ഡിതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്,” സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് സഈദ് മുഹമ്മദ് തുറാബ് അസഖാഫി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ ഇരുപത്തിയേഴാം രാവ് പള്ളികളിലാണ് ചെലവഴിച്ചതെങ്കില്‍ ഇത്തവണയതു വീട്ടിലെ പ്രാര്‍ഥനകളിലേക്കു മാറിയെന്നതാണു കോവിഡ് വ്യാപന കാലത്തെ പ്രധാനമാറ്റമെന്നു മുജാഹിദ് യുവജന സംഘടനയായ ഐഎസ്എമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് പറഞ്ഞു. റമദാന്‍ മാസത്തിലെ പ്രാര്‍ഥനകള്‍ വീടുകളിലേക്കു മാറിയതോടെ കുടുംബങ്ങളില്‍ ഭക്തിയുടെ അന്തരീക്ഷം വര്‍ധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”റമദാന്‍കാല പ്രഭാഷണങ്ങള്‍ക്കും ദാനധര്‍മ പ്രവര്‍ത്തനങ്ങള്‍ക്കും ഓണ്‍ലൈന്‍ സംവിധാനങ്ങളെയാണ് ഈ വര്‍ഷം കാര്യമായി ആശ്രയിക്കുന്നത്. സക്കാത്ത്, സദക്ക എന്നിവ നല്‍കുന്നതിനായി ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ ആപ്പുകള്‍ കാര്യമായി ഉപയോഗിക്കുന്നുണ്ട്. റമദാന്‍ മാസ പ്രഭാഷണങ്ങള്‍ക്കായും സന്ദേശങ്ങള്‍ക്കായും ഓണ്‍ലൈന്‍ മാധ്യങ്ങളും ഉപയോഗിക്കുന്നു. യൂട്യൂബ് പോലത്തെ വീഡിയോ ഷെയറിങ്ങ് സംവിധാനങ്ങള്‍ക്കു പുറമേ റേഡിയോ ഇസ്ലാം എന്ന പ്രത്യേക ഓണ്‍ലൈന്‍ റേഡിയോയും കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ (കെഎന്‍എം) ഇതിനായി ഉപയോഗപ്പെടുത്തുന്നു,” ഡോ. അന്‍വര്‍ സാദത്ത് പറഞ്ഞു.

”സക്കാത്ത്, സദക്ക ദാനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു പ്രാദേശിക യൂണിറ്റുകള്‍ വഴിയാണ്. അര്‍ഹരായവരെ കണ്ടെത്തി അവരുടെ വീടുകളില്‍ സഹായമെത്തിക്കാനുള്ള സംവിധാനം പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെരുന്നാളിന് പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിനു പകരം ഉള്ളതില്‍ നല്ല വസ്ത്രം ധരിക്കാനാണ് വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്,” സഈദ് മുഹമ്മദ് തുറാബ് അസഖാഫി പറഞ്ഞു.

Read More | നോമ്പ് കാലത്തെ ആഹാര രീതി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒത്തുചേരലിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമായി സ്‌നേഹവും സന്തോഷവും പങ്കിടുന്നതിന്റെയും ആഘോഷം കൂടിയാണു ചെറിയ പെരുന്നാള്‍. പെരുന്നാൾ ദിനത്തിൽ കോഴിക്കോട് നഗരത്തിലെ ബീച്ചുകളിലേക്കും വിവിധ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു വേണ്ടിയും സമീപ ജില്ലകളിൽ നിന്ന് പോലും നിരവധി പേർ എത്തിച്ചേരാറുണ്ടായിരുന്നു. എന്നാൽ ഈ വർഷം കോവിഡ് പോലെയുള്ള വലിയ ഭീഷണി നിലനില്‍ക്കുമ്പോള്‍ ആഘോഷങ്ങളെ വീട്ടിലൊതുക്കാനാണു വിശ്വാസി സമൂഹം തീരുമാനിച്ചതെന്നു മതസംഘടനാ നേതാക്കള്‍ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Laylat al qadr holiest night of ramadan

Next Story
നായനാർ ഒഴുക്കിനെതിരെ നീന്തിയ പോരാളി; ഓർമകൾ പങ്കുവച്ച് പിണറായിEK Nayanar, ഇ.കെ നായനാർ, Death Anniversary, ചരമ വാർഷികം, Pinarayi Vijayan, പിണറായി വിജയൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com