scorecardresearch
Latest News

എല്‍ദോസ് കേസില്‍ പ്രതിയാക്കി; അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചു

പരാതിക്കാരിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഭിഭാഷകരേയും പ്രതി ചേര്‍ത്തിരുന്നു

Kerala High Court, Road accident, Road rules violation tourist bus, Vadakkanchery accident

കൊച്ചി: അഭിഭാഷകര്‍ക്കെതിരായ പൊലീസ് കേസുകളില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഹൈക്കോടതി നടപടികൾ ബഹിഷ്‌കരിച്ചു. എല്‍ദോസ് കുന്നപ്പിളളില്‍ എംഎല്‍എയുടെ ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് ഇന്ന് കോടതി ബഹിഷ്‌കരിക്കാന്‍ അഭിഭാഷക അസോസിയേഷന്‍ തീരുമാനമെടുത്തത്.

അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ത്താണ് അഭിഭാഷകര്‍ ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചത്. രാവിലെ കോടതി ചേര്‍ന്ന സമയത്ത് അഭിഭാഷകരാരും ഹാജരായില്ല. തുടര്‍ന്ന് ഇന്ന് പരിഗണിക്കേണ്ട കേസുകളെല്ലാം മറ്റൊരു ദിവസത്തേക്ക് മാറ്റി. തുടര്‍ച്ചയായി പൊലീസിന്റെ ഭാഗത്തുനിന്ന് അഭിഭാഷകര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകുന്നുവെന്നാണ് അഭിഭാഷക അസോസിയേഷന്‍ പറയുന്നത്.

പരാതിക്കാരിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഭിഭാഷകരേയും പ്രതി ചേര്‍ത്തിരുന്നു. അഭിഭാഷകരുടെ ഓഫീസില്‍ വച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇതിനിടെ എല്‍ദോസ് മര്‍ദ്ദിച്ചുവെന്നുമായിരുന്നു പരാതിക്കാരിയുടെ മൊഴി.

ഈ മൊഴി അടിസ്ഥാനമാക്കി സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ വഞ്ചിയൂര്‍ പൊലീസ് എല്‍ദോസിനെതിരെ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് അഭിഭാഷകരേയും കേസില്‍ പ്രതി ചേര്‍ത്തത്. രാവിലെ ജഡ്ജിമാരും സര്‍ക്കാര്‍ അഭിഭാഷകരും മാത്രമാണ് കോടതിയില്‍ ഹാജരായത്. കേസില്‍ എതിര്‍കക്ഷികളോ അഭിഭാഷകരോ ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതി നടപടികള്‍ സ്തംഭിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Lawyers strike in high court