കൊച്ചി: ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയെ്‌ക്കെതിരായ പൊലീസ് നടപടിക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയ സാഹചര്യത്തിലാണ് പ്രതിഷേധം.
നടിയെ ആക്രമിച്ച കേസിലെ സാക്ഷി ജിണ്‍സനെ, ദിലീപിന് അനുകൂലമായി വിചാരണക്കോടതിയില്‍ മൊഴിമാറ്റി പറയിക്കാന്‍ കൊല്ലം സ്വദേശി നാസര്‍ സ്വാധീനിച്ചുവെന്ന കേസിലാണ് രാമന്‍പിള്ളയുടെ മൊഴിയെടുക്കാനുള്ള ശ്രമം. തൃശൂര്‍ പീച്ചി പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റാണ് അന്വേഷിക്കുന്നത്.
മൊഴി രേഖപ്പെടുത്തുന്നതു സംബന്ധിച്ച് രാമന്‍പിള്ളയ്ക്കു ക്രൈംബ്രാഞ്ച് 14നു നോട്ടിസ് നല്‍കിയിരുന്നു. രാമന്‍പിള്ളയുടെ മൊഴി രേഖപ്പെടുത്തുന്നതിനു 16നു രാവിലെ ഒന്‍പതിന് അദ്ദേഹത്തിന്റെ വീട്ടിലോ ഓഫീസിലോ എത്തുമെന്നും എവിടെയാണ് വരേണ്ടതെന്ന് അറിയിക്കണമെന്നുമാണ് ഡിവൈ എസ് പി എസ് അമ്മിണിക്കുട്ടൻ പുറപ്പെടുവിച്ച നോട്ടിസില്‍ പറയുന്നത്.
Also Read: നടിയെ കക്ഷിചേർത്തു; തുടരന്വേഷണത്തിന് ദിലീപ് തടസം നിൽക്കുന്നത് എന്തിനെന്ന് കോടതി
ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ എറണാകുളം ബാര്‍ അസോസിയേഷനും ഹൈക്കോടതി അഭിഭാഷക അസോസിയേഷനും പ്രതിഷേധിച്ചു. രാവിലെ 10.30നായിരുന്നു എറണാകുളം ബാര്‍ അസോസിയേഷന്റെ പ്രതിഷേധം.
ഉച്ചയ്ക്ക് ഹൈക്കോടതിയില്‍ നടന്ന പ്രതിഷേധത്തിൽ നിരവധി അഭിഭാഷകര്‍ പങ്കെടുത്തു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ നേതൃത്വത്തിൽ ഹൈക്കോടതിയുടെ പ്രധാന വാതിലിനു മുന്നിലായിരുന്നു പ്രതിഷേധം.
രാമൻപിള്ളയ്ക്ക് നോട്ടിസ് നൽകിയ ക്രൈം ബ്രാഞ്ച് നടപടിയെ ഇടത് അനുകൂല സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ അപലപിച്ചു. അഭിഭാഷകരുടെ തൊഴിൽ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ക്രൈം ബ്രാഞ്ച് നടപടിയെന്നു ലോയേഴ്സ് യൂണിയൻ ചൂണ്ടിക്കാട്ടി.